കൊച്ചി: വൻകിടക്കാരുടെ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ കേസെടുക്കാൻ നിർദേശിച്ച് റവന്യൂ മന്ത്രി. എന്നാൽ, തടസ്സങ്ങളുന്നയിച്ച് മെല്ലെപ്പോക്കുമായി ജില്ല കലക്ടർമാർ. 12 ജില്ലകളിലായി 210ലേറെ കേസുകളാണ് ഫയൽ ചെയ്യേണ്ടത്. 2019 ജൂൺ ആറിനാണ് മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്യാൻ നിർദേശിച്ച് ജി.ഒ.എം.എസ് 172/2019/ആർ.ഡി നമ്പർ ഉത്തരവ് സർക്കാർ ഇറക്കിയത്.
എന്നാൽ ഇതുവരെ ഫയൽ ചെയ്തത് എട്ടു കേസുകൾ മാത്രം. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ എല്ലാ രേഖകളും സജ്ജമായ 60 കേസുകൂടി രണ്ടു മാസത്തിനകം ഫയൽ ചെയ്യാൻ മന്ത്രി നിർദേശം നൽകി. ഈ വിഷയത്തിൽ മുമ്പും മന്ത്രി നിർദേശങ്ങൾ നൽകിയിട്ടും കലക്ടർമാർ കാര്യമായ നടപടികൾ എടുത്തിരുന്നില്ല.
വിദേശ കമ്പനികളുടെ പക്കലുണ്ടായിരുന്ന ഭൂമി ഇപ്പോൾ കൈവശം വെക്കുന്നവരുടെ ഉടമസ്ഥതയിൽതന്നെയാണെന്ന് ഉറപ്പുവരുത്താൻ സർക്കാർ മുൻസിഫ് കോടതികളിൽ കേസ് ഫയൽ ചെയ്യണമെന്ന് ഹൈകോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഈ നടപടി തുടങ്ങിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് ഇതുവരെ ഭൂരിഭാഗം കേസുകളും ഫയൽ ചെയ്ത് കഴിഞ്ഞത്. ആലപ്പുഴയും കോഴിക്കോടും ഒഴികെ മറ്റ് ജില്ലകളിലെല്ലാം കേസുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ നൽകേണ്ടത് ഇടുക്കിയിലും വയനാട്ടിലുമാണ്. വയനാട്ടിൽ ഒന്നുപോലും ഫയൽ ചെയ്തിട്ടില്ല. ഇടുക്കിയിൽ ഒരു കേസ് മാത്രമാണ് ഫയൽ ചെയ്തത്. മുൻസിഫ് കോടതികളിൽ എങ്ങനെ കേസ് ഫയൽ ചെയ്യാതിരിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് കലക്ടർമാരെന്ന് വിമർശനമുയരുന്നുണ്ട്. വൻകിടക്കാരിൽനിന്ന് ഭൂമി മുറിച്ചു വാങ്ങിയവരുടെ പട്ടിക തയാറാക്കാനാണ് കലക്ടർമാരും ഡെപ്യൂട്ടി കലക്ടർമാരും ശ്രമിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വയനാട്ടിലെയും ഇടുക്കിയിലെയും കലക്ടർമാർ അതു സംബന്ധിച്ചാണ് സംസാരിച്ചത്. വയനാട്ടിൽ വൻകിടക്കാരിൽനിന്ന് ഭൂമി വാങ്ങിയവർക്ക് നാല് ഏക്കർവരെ കൈവശം വെക്കുന്നതിന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതു മറച്ചുവെച്ചാണ് ഉദ്യോഗസ്ഥർ ചെറുകിടക്കാരുടെ കണക്കെടുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെറുകിടക്കാരുടെ കൈവശഭൂമി ഒഴിപ്പിക്കുമെന്ന് പ്രചരിപ്പിച്ച് പ്രതിഷേധം ഉയരാൻ കളമൊരുക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ഭൂസമരക്കാർ പറയുന്നത്. 15 ഏക്കറിലേറെ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ നടപടിക്കാണ് റവന്യൂ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. അതിന്റെ മറവിലാണ് അതിൽ താഴെയുള്ളവരുടെ കണക്കെടുപ്പ് വിവരവുമായി കലക്ടർമാർ യോഗത്തിനെത്തിയത്.
പാലക്കാട് ജില്ലയിൽ പോബ്സ് ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്റെ തീരുമാനത്തിനെതിരെ അന്ന് എൽ.ഡി.എഫ് വലിയ സമരം നടത്തിയിരുന്നു. കരുണക്കെതിരെപോലും ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ല. കലക്ടർമാരടക്കം ഉദ്യോഗസ്ഥർ മന്ത്രിയുടെ നിർദേശം പോലും അവഗണിക്കുന്നത് സി.പി.എം, സി.പി.ഐ പ്രാദേശിക നേതാക്കളുടെ സമ്മർദം മൂലമാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.