തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ് പുനഃസംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷന് സർക്കാർ രൂപം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ ശിപാർശപ്രകാരമാണിത്. പുതുതായി രൂപം നൽകിയ ബി.പി.ടിയുടെ ചെയർമാനായി ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അജിത്കുമാറിെനയും മെംബർ സെക്രട്ടറിയായി പി. സതീഷ് കുമാറിെനയും നിയമിച്ചു. നിലവിൽ കേരള സിറാമിക്സ് എം.ഡിയാണ് സതീഷ് കുമാർ. പൊതുമേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിൽ പ്രധാന ചുവടുവെപ്പാണ് ബി.പി.ടിയുടെ രൂപവത്കരണമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സാങ്കേതിക-സാമ്പത്തിക-മാനേജ്മെന്റ് മേഖലകളിൽ പിന്തുണ നൽകുകയുമായിരുന്നു റിയാബിന്റെ പ്രധാന ചുമതല.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തത്തോടുകൂടിയ പ്രവർത്തന സ്വയംഭരണാധികാരം നൽകുന്നതിന് പോൾ ആന്റണി കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. റിയാബ് പുനഃസംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ രൂപവത്കരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ചെയർമാനും മെംബർ സെക്രട്ടറിക്കും പുറെമ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മൂന്ന് വിദഗ്ധരും ബോർഡിൽ അംഗങ്ങളാണ്. മാനേജ്മെന്റ്, ധനകാര്യം, സാങ്കേതികം എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധ അംഗങ്ങളെ സർക്കാർ പിന്നീട് നാമനിർദേശം ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്, അക്കൗണ്ടിങ് എന്നീ പ്രവർത്തനങ്ങൾക്കായാണ് 1990ൽ റിയാബിന് രൂപം നൽകിയത്. കൂടുതൽ മേൽനോട്ടാധികാരത്തോടെ പിന്നീട് ശാക്തീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.