കാക്കൂർ(കോഴിക്കോട്): ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ േവ്ലാഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താൻ ആർ.ഡി.ഒ ചെൽസ സിനി അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് നൽകിയ അപേക്ഷയിലാണ് അനുമതി. ദുബൈയിൽ വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് ബാപ്പ റാഷിദും കുടുംബവും നേരത്തെ ആരോപിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി വീട്ടിലെത്തി അന്വേഷിച്ചപ്പോഴും ഇക്കാര്യം വ്യക്തമാക്കിയതോടൊപ്പം റിഫയുടെ ഫോൺ, വസ്ത്രം, പെട്ടി, ശമ്പളം ഇതൊന്നും വീട്ടിൽ ഏൽപിക്കാതെ റിഫയുടെ ഖബറടക്കം കഴിഞ്ഞയുടൻ മെഹനാസ് കാസർക്കോട്ടേക്ക് യാത്ര തിരിച്ചതും അന്വേഷണസംഘത്തിന്റെ മുന്നിൽ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞതിലും ഖബറടക്കം വേഗം നടത്താൻ നിർബന്ധിച്ചതിലും സംശയമുള്ളതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഫോറൻസിക് വിഭാഗത്തിന് അപേക്ഷ കൊടുത്ത് അവരുമായി ആലോചിച്ച് പോസ്റ്റ്മോർട്ടം തിയ്യതി തീരുമാനിക്കുമെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി പറഞ്ഞു. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം റൂറല്‍ എസ്.പി ഡോ.എ. ശ്രീനിവാസ് അശോകിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസർകോട് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.
മരണത്തിന് രണ്ടു മാസം മുമ്പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യു.എ.ഇയിലെത്തി. പിറകെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് റിഫയും ദുബൈയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.