റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം ശനിയാഴ്ച; ആർ.ഡി.ഒ അനുമതി നൽകി

കാക്കൂർ: ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ആർ.ഡി.ഒ ചെൽസാ സിനി അനുമതി നൽകി. തഹസിൽദാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്റ്റർമാരും ഉണ്ടാവും.

അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫ് ആർ.ഡി.ഒക്ക് മുമ്പാകെ നൽകിയ അപേക്ഷയിലാണ് അനുമതി. ദുബൈയില്‍ റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് ഭര്‍ത്താവും സുഹൃത്തുക്കളും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ് റാഷിദും കുടുംബവും ആരോപിച്ചിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടത്തിയെന്നും നിർബന്ധപൂർവം ഖബറടക്കം നടത്താൻ പറഞ്ഞതിൽ സംശയമുള്ളതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.

Tags:    
News Summary - Rifa Mehnu's postmortem on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.