പാലക്കാട്: റോഡ് കാമറ നിരീക്ഷണത്തിൽനിന്നോ പിഴയീടാക്കുന്നതിൽനിന്നോ വി.ഐ.പികളെ ഒഴിവാക്കാനാവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വി.ഐ.പികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കേണ്ടെന്നാണ് വകുപ്പിന്റെ തീരുമാനം. വിവരാവകാശ പ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.
732 എ.ഐ കാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിങ്ങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എ.ഐ കാമറകള്‍ പിടികൂടുന്നത്.
ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ ഈടാക്കും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. വി.ഐ.പി വാഹനങ്ങളടക്കമുള്ളവയുടെ ഇളവ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം ചർച്ച സജീവമായിരുന്നു. ഇതേതുടർന്നാണ് ബോബൻ മാട്ടുമന്ത വിവരാവകാശ നിയമത്തിലൂടെ വിവരം തേടിയത്.
പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചപ്പോൾ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കാമറകൾ കണ്ടെത്തിയിരുന്നു. നേരത്തെ മേയ് 20 മുതൽ പിഴ ഈടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഇത് ജൂൺ അഞ്ചിലേക്ക് നീട്ടി. മേയ് അഞ്ച് മുതലാണ് ബോധവത്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.