ആമ്പല്ലൂര്‍ (തൃശൂർ): വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറ ക്യാമ്പ് ഓഫിസില്‍ 2019 മാര്‍ച്ചിൽ മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് ജങ്ഷന് സമീപമുള്ള ഓഫിസില്‍ ഓട് പൊളിച്ചിറങ്ങി മോഷണത്തിന് ശ്രമിച്ച നാഗര്‍കോവില്‍ കോട്ടാര്‍ ഓട്ടുരല്മഠം വീട്ടില്‍ 'വടിവാള്‍ ശിവ' എന്ന ശിവദാസാണ് (49) പിടിയിലായത്.
കേരളത്തിലും തമിഴ്നാട്ടിലുമടക്കം നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങി പൊള്ളാച്ചിക്കടുത്ത് കൊള്ളുപാളയത്തെ ബന്ധുക്കളുടെ സമീപത്തേക്ക് പോകുന്ന വഴിക്കാണ് മന്ത്രിയുടെ ഓഫിസില്‍ മോഷണത്തിന് ശ്രമിച്ചത്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷിെൻറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം മോഷണരീതി തമിഴ് മോഷ്ടാക്കളുടേതാണെന്ന് കണ്ടെത്തി. പുതുക്കാട്ടും പരിസരത്തുമുള്ള തമിഴ്നാട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാടോടികളില്നിന്ന് നാഗര്‍കോവില്‍ സ്വദേശിയും എറണാകുളത്ത് താമസക്കാരനുമായ ശിവയാണ് പ്രതിയെന്ന് കണ്ടെത്തി.
എറണാകുളം, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ഡിഗല്‍, നാമക്കല്‍, മധുര, ശങ്കരന് കോവില്‍, സേലം, ഏര്‍വാടി, ട്രിച്ചി, നാഗര്‍കോവില്‍, കന്യാകുമാരി, തെങ്കാശി, കൊല്ലം, തിരുവനന്തപുരം തുടങ്ങി ഇയാള്‍ തങ്ങാന്‍ സാധ്യതയുള്ള ഒട്ടുമിക്ക റെയില്‍വേ സ്റ്റേഷനുകളും മറ്റു സ്ഥലങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തിരുനെല്‍വേലിക്ക് സമീപം കരുമംഗലത്ത് ഫാമില്‍ ജോലിക്കാരനായി കുടുംബസമേതം ശിവ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി.
പുതുക്കാട് സി.ഐ ടി.എന്‍. ഉണ്ണികൃഷ്ണൻ, എസ്.ഐ സിദ്ദീഖ് അബ്ദുൽ ഖാദര്‍, എ.എസ്.ഐ റാഫേല്‍, സ്പെഷല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എ.എസ്.ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സി.പി.ഒമാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ എം.ജെ. ബിനു, അജിത്, പ്രജിത് എന്നിവരടങ്ങിയ സംഘമാണ് ശിവയെ പിടികൂടിയത്. ഇയാളും രണ്ടു സഹോദരങ്ങളും നിരവധി മോഷണക്കേസുകളില്‍ ഉൾപ്പെട്ടിട്ടുണ്ട്.
ധാരാളം പണവും മറ്റും സൂക്ഷിച്ചിട്ടുണ്ടാവുമെന്ന് കരുതിയാണ് മോഷണശ്രമം നടത്തിയതെന്നും വിലപിടിച്ച ഒന്നും കിട്ടിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.