വടകര: പിടിച്ചുപറി കേസുകളില്‍ പിടിയിലാകുന്ന പ്രതികളെ രക്ഷിക്കാന്‍ വന്‍ റാക്കറ്റുകള്‍ രംഗത്ത്. ബസ് യാത്രയിൽ ആഭരണങ്ങള്‍ കവരുന്നതിനിടെ പിടിയിലാകുന്നവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനത്ത് വന്‍ റാക്കറ്റുകള്‍ സജീവമായതായി പൊലീസ് ഇൻറലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം വടകര, എടച്ചേരി പൊലീസ് സ്റ്റേഷന് പരിധികളില്‍ മൂന്ന് കേസുകളിലായി തമിഴ്നാട് ഈറോഡ് സ്വദേശികളായ കല്പകം, രാസാത്തി എന്നീ സ്ത്രീകളെ പിടികൂടിയിരുന്നു.
ഈ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാവാനും മറ്റും തൃശൂരില്‍നിന്നുള്ള അഭിഭാഷകനെത്തുകയും സാക്ഷികളെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്ന അവസ്ഥയുമുണ്ടായി. കേസ് കോടതിയിലെത്തുന്നതോടെ ഒത്തുതീര്‍പ്പാകുന്നത് പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് വന്‍ തുക നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും ആരോപണമുണ്ട്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ സാക്ഷികള്‍ക്ക് ഇങ്ങനെ നല്‍കുന്നുണ്ട്.
ഇത്തരം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ റോബറി അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍, കോടതിക്ക് മുന്നിലെത്തിയാല്‍ പരാതിക്കാര്‍ പിന്‍വാങ്ങുകയും, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
പ്രതിയെ കോടതിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ പരാതിക്കാര്‍ക്ക് നല്‍കേണ്ട പണമടക്കമുള്ളവ നല്‍കിയാണ് കോടതിയില്‍ എത്തുന്നത്. ഇത്തരം പ്രവണത കൂടിയ സാഹചര്യത്തില്‍ പിടിച്ചുപറി കേസുകള്‍ വര്‍ധിക്കുന്നതായി പൊലീസ് പറയുന്നു. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള 50 ലേറെ സംഘം എത്തിയതായാണ് വിവരം. പൊതുവെ നല്ല വേഷവിധാനത്തോടെ നടക്കുന്ന ഇവരെ യാത്രക്കാര്‍ സംശയിക്കാനിടയില്ല. പിടിയിലായാൽ ഇവര്‍ പൊലീസിന് നല്കുന്ന മേല്‍വിലാസവും തെറ്റാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരുടെയും മേല്‍വിലാസം അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയ പൊലീസിന് ഈ മേല്‍വിലാസത്തില്‍ ആളില്ലെന്നാണ് മനസ്സിലായത്. ജാമ്യത്തിലിറങ്ങിയാല്‍ മറ്റൊരു ജില്ലയിലേക്ക് പോകുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.