വാടാനപ്പള്ളി: സ്വർണാഭരണ കവർച്ചക്കായി വാടാനപ്പള്ളി തീരദേശത്ത് വീണ്ടും കൊലപാതകം. രണ്ട് കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പാണ് മൂന്നാമത്തെ അറുകൊലയും നടന്നത്. ആറു മാസത്തിനുള്ളിലാണ് മൂന്നു കൊലപാതകം സംഭവിച്ചത്.
ഇതിൽ രണ്ടെണ്ണവും സ്വർണാഭരണം കവരാൻ വേണ്ടിയാണ്. 2022 ആഗസ്റ്റ് 20നാണ് കൈക്കുഞ്ഞിന്റെ മുന്നിൽ വെച്ച് തളിക്കുളം നമ്പിക്കടവിൽ അരവശ്ശേരി നൂറുദ്ദീന്റെ മകൾ അഷിതയെ ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് ആഷിഫ് വടിവാളുകൊണ്ട് വെട്ടിക്കൊന്നത്. നൂറുദ്ദീനും ഗുരുതര വെട്ടേറ്റിരുന്നു. പ്രതിയെ പിന്നീട് പിടികൂടി.
കഴിഞ്ഞ മാസം നമ്പിക്കടവ് ഹെൽത്ത് സെന്ററിന് തെക്ക് താണിക്കൽ ഷാഹിതയെ സ്വർണാഭരണം കവർച്ച ചെയ്യാൻ വലപ്പാട് കോതകുളം സ്വദേശി പോക്കാക്കില്ലത്ത് ഹബീബ് കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയിരുന്നു. സ്വർണാഭരണവുമായി കടന്നുകളയാൻ ശ്രമിച്ച ഹബീബിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.
ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച തൊട്ടടുത്ത വാടാനപ്പള്ളി ഗണേശമംഗലത്ത് സി പേൾ ബാറിന് സമീപം താമസിക്കുന്ന വാലിപ്പറമ്പിൽ വസന്തയെ തലക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തിയ ശേഷം ഗണേശമംഗലം സ്വദേശി മൂത്താംപറമ്പിൽ ജയരാജൻ സ്വർണമാല കവർന്നത്. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽതന്നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. കൊലപാതകമറിഞ്ഞ് നിരവധി പേരാണ് വീട്ടുപരിസത്ത് എത്തിയത്.
വാടാനപ്പള്ളി: സാമ്പത്തിക ശേഷിയുണ്ടായിട്ടും റിട്ട. അധ്യാപികയായ വയോധികയെ കൊലപ്പെടുത്തി ജയരാജൻ സ്വർണാഭരണം കവർന്ന വിവരം വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ. കൊല്ലപ്പെട്ട വസന്തയുടെ ബന്ധുവും സമീപവാസിയുമായ യുവാവുമായുള്ള ജയരാജന്റെ മകളുടെ വിവാഹ സമയത്ത് 101 പവന്റെ സ്വർണാഭരണമാണത്രെ നൽകിയത്.
ദമ്പതികൾ ഇപ്പോൾ പിണക്കത്തിലാണ്. ഈ വൈരാഗ്യം ജയരാജിന് വസന്തയോട് ഉണ്ടെന്ന് സൂചനയുണ്ട്. സാമ്പത്തിക ശേഷി ഉണ്ടായിട്ടും ഒരു മാലക്കു വേണ്ടി വയോധികയെ കൊലപ്പെടുത്തിയതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്.
ഇത് വിശ്വസിക്കാനും നാട്ടുകാർക്കാവുന്നില്ല. കാരണം വെളിപ്പെടുത്താൻ പൊലീസ് തയാറാകുന്നില്ല. തലക്കടിയേറ്റാണ് പറയുന്നതെങ്കിലും എന്തുകൊണ്ട് തലക്കടിച്ചെന്ന് പറയുന്നില്ല. കുത്തേറ്റതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.