കൊച്ചി: സംസ്ഥാന പൊലീസ് മേധാവിയെ കാണാൻ ഹെഡ്ക്വാർട്ടേഴ്സിൽ എത്തുന്നവരെ വരുംനാളുകളിൽ സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരായിരിക്കില്ല. ഒറ്റനോട്ടത്തിൽ സന്ദർശകന് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നുവരെ തിരിച്ചറിയാൻ കഴിവുള്ള റോബോട്ടായിരിക്കും അവിടെയുണ്ടാവുക. റിസപ്ഷൻ മാനേജ്മെൻറ് സംബന്ധിച്ച എല്ലാ വിവരങ്ങളും മനഃപാഠമാക്കിയ റോബോട്ടിനെ തെൻറ ഓഫിസിൽ നിയോഗിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ടാറ്റാ കൺസൾട്ടൻസി സർവിസ് റോബോട്ടിക്സ് ആൻഡ് കോഗ്നിറ്റിവ് സിസ്റ്റം ഗ്ലോബൽ ഹെഡ് റോഷി ജോണുമായി ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. വരാനിരിക്കുന്നത് പൊലീസിലും റോബോട്ടുകളുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുന്ന കാലമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്ദർശകർക്ക് വേണ്ട നിർദേശങ്ങളും റോബോട്ട് നൽകും. മുൻകൂട്ടി തയാറാക്കുന്ന ലോഗോയുടെ അടിസ്ഥാനത്തിൽ സന്ദർശകനായി എത്തുന്നയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നറിയാനും നിരന്തരം എത്തുന്ന സന്ദർശകരെ പ്രത്യേകം തിരിച്ചറിയാനും റോബോട്ടിന് കഴിയും. മയക്കുമരുന്നുമായി വരുന്നവരെ വിമാനത്താവളങ്ങളിലടക്കം തിരിച്ചറിഞ്ഞ് പിടികൂടാൻ പൊലീസിനെ സഹായിക്കുന്ന തരത്തിലും റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. നൂറിലധികം മയക്കുമരുന്നുകളുള്ളത് തിരിച്ചറിയുകയെന്നത് ഏറെ ശ്രമകരമാണ്. ഇതിന് കഴിയുന്ന രീതിയിൽ പ്രത്യേകം തയാറാക്കുന്ന റോബോട്ടിനെ ഉപയോഗപ്പെടുത്താനാകും. മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നയാളുടെ മനോനില സാധാരണ ആളുകളിൽനിന്ന് വ്യത്യസ്തമായിരിക്കും. ഇത് തിരിച്ചറിയാൻ കഴിവുള്ള റോബോട്ടുകൾ വിമാനത്താവളങ്ങളിൽ വളരെയധികം ഉപകാരപ്രദമാണ്.
ആരോഗ്യ മേഖലയിൽവരെ എത്തിയിട്ടുള്ള റോബോട്ടുകളുടെ സേവനം പൊലീസിലും ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നത്. ട്രാഫിക് നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ റോബോട്ടുകൾ എത്തിയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകും.
സദാചാര പൊലീസിങ്, കുട്ടികളെ ദുരുപയോഗം െചയ്യൽ, ഓൺലൈനുകളിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് വളരെയധികം പ്രാധാന്യം നൽകുന്നതിനാലാണ് ഇത്തവണ കൊക്കൂണിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.