മതേതരത്വം നല്‍കുന്നത് സ്വതന്ത്രചിന്തക്കുള്ള അവസരം –റൊമീല ഥാപ്പര്‍

തിരുവനന്തപുരം: യാഥാസ്ഥിതികആശയങ്ങളുടെ നിയന്ത്രണങ്ങളില്‍ നിന്ന് സ്വതന്ത്രമായും വിശാലമായും ചിന്തിക്കാനുള്ള ഇടവും അവസരവുമാണ് മതേതരത്വം വ്യക്തിക്ക് നല്‍കുന്നതെന്ന് പ്രമുഖ ചരിത്രകാരി റൊമീല  ഥാപ്പര്‍. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്‍െറ ഭാഗമായി ‘മതേതരത്വം ആധുനിക ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ നടന്ന  സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതേതരത്വമില്ലാതെ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ല. മതേതരത്വം കേവല സങ്കല്‍പങ്ങളോ ഭാവനയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച് കൃത്യമായ യുക്തിയും വിവേകവുമാണ് അതിന്‍െറ അടിത്തറ.

ചര്‍ച്ചും ജനങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ മതേതരത്വം വികസിച്ചത്. അതേസമയം, ഈ സാഹചര്യങ്ങളുമായി ബന്ധമില്ലാത്ത ഇന്ത്യന്‍ മതേതരത്വത്തെ ഈ അളവുകോലും മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് യൂറോപ്യന്‍മാരായ ചരിത്രകാരന്മാര്‍ വിശകലനം ചെയ്തത്. മതേതരത്വം മതങ്ങള്‍ക്ക് എതിരല്ല. എന്നാല്‍, ഭരണത്തിലും നിയമത്തിലും മതഇടപെടലുകള്‍ക്ക് ശ്രമം നടക്കുമ്പോഴാണ് മതേതരത്വം അതിനെതിരാകുന്നത്. വ്യക്തിപരമായ വിശ്വാസങ്ങളിലും  സാമൂഹികഇടപെടലിലും മതപരമായ കാഴ്ചപ്പാടുകളും ഇടപെടലുകളുണ്ട്. മതേതരത്വം മതത്തിന് എതിരാവാത്തത് വ്യക്തിപരമായ വിശ്വാസങ്ങളുടെ കാര്യത്തിലാണ്.

പൗരാണികകാലം മുതല്‍തന്നെ വിവിധ സമൂഹങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ സംസ്കാരം. ഒറ്റപ്പെട്ട സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിലേറെ ഈ സമൂഹങ്ങള്‍ തമ്മില്‍ ആശയക്കൈമാറ്റം നടന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഭരണഘടന മുഖ്യമായും ലക്ഷ്യം വെക്കേണ്ടത് രാജ്യത്തേക്കാള്‍ ജനങ്ങളെയായിരിക്കണമെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കണ്ടമ്പററി സ്റ്റഡീസ്  ഡയറക്ടര്‍ പ്രഫ.ജി.മോഹന്‍ഗോപാല്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും വിലകല്‍പിക്കുന്നതാവണം പൊതു സമൂഹം എന്ന ആശയമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ താല്‍പര്യങ്ങള്‍ക്കൊത്ത് മാറ്റിയെഴുതാനും തങ്ങളുടെ മതവര്‍ഗീയ ശാസനകള്‍ക്കു കീഴില്‍ രാജ്യത്തെ കൊണ്ടുവരാനും സംഘ്പരിവാര്‍  ബോധപൂര്‍വം ശ്രമം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍െറ വൈവിധ്യം നിറഞ്ഞ സംസ്കാരത്തെ ഏകമുഖ ഹൈന്ദവ സംസ്കാരമായി വ്യാഖ്യാനിക്കാനാണ് നീക്കം.  വര്‍ഗീയവും മതാത്മകവുമായ ഭരണകൂടം സ്ഥാപിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളില്‍ സൃഷ്ടിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - romila thapar react secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.