കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് ചാത്തമംഗലം പാഴൂർ സ്വദേശിയായ 12കാരന്‍റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആഗസ്റ്റ് 27 മുതലുള്ള റൂട്ട് മാപ്പാണ് ജില്ല ആരോഗ്യവിഭാഗം പുറത്തുവിട്ടത്.
ആഗസ്റ്റ് 27ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും 5.30നും ഇടയിൽ പാഴൂരിലെ അയൽവീട്ടിലെ കുട്ടികളുമായി ഈ കുട്ടി കളിച്ചിരുന്നു. 28ന് ശനിയാഴ്ച വീട്ടിൽ തന്നെയാണ് കഴിഞ്ഞത്.
29ന് ഞായറാഴ്ച രാവിലെ 8.30നും 8.45നും ഇടയിൽ എരഞ്ഞിമാവിലെ ഡോ. മുഹമ്മദിന്‍റെ സെൻട്രൽ ക്ലിനിക്കിൽ എത്തിയിരുന്നു. ഓട്ടോയിലാണെത്തിയത്. അന്ന് ഒമ്പതിന് ഓട്ടോയിൽ തന്നെ വീട്ടിൽ തിരികെയെത്തി.
30ന് തിങ്കളാഴ്ച വീട്ടിൽ കഴിഞ്ഞു. 31ന് ചൊവ്വാഴ്ച രാവിലെ 9.58നും 10.30നും ഇടയിൽ മുക്കം ഇ.എം.എസ് ആശുപത്രിയിൽ ചികിത്സതേടിയെത്തി. അമ്മാവന്‍റെ ഓട്ടോയിലാണ് സഞ്ചരിച്ചത്. അന്നുതന്നെ 10.30 മുതൽ 12 വരെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലായിരുന്നു. ഇതേ ഓട്ടോയിലാണെത്തിയത്. അന്ന് ഉച്ച ഒന്നോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്നു.
സെപ്റ്റംബർ ഒന്നിന് രാവിലെ 11ഓടെ മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 188 പേരാണുള്ളത്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. ഇവരിൽ സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.