കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാനായി വിളിച്ചുചേർത്ത സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗത്തിലാണ് വിമർശനമുയർന്നത്. ശോഭ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കളെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ തയാറാകണമെന്നും പക്വതയില്ലായ്മയും വ്യക്തിവൈരാഗ്യവും ഈഗോയിസവും ഗ്രൂപ് താൽപര്യവുമാണ് പാർട്ടിയിൽ ആഭ്യന്തരകലഹം ഇത്രയും രൂക്ഷമാക്കിയതെന്നും അവർ തുറന്നടിച്ചു.
തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്ന റിപ്പോർട്ടാണ് സുരേന്ദ്രൻ അവതരിപ്പിച്ചത്. എന്നാൽ, 14ൽ നിന്ന് 10 പഞ്ചായത്താക്കി പാർട്ടിയുടെ ഗ്രാഫ് താഴോട്ടാക്കിയെന്ന് യോഗം ചൂണ്ടിക്കാട്ടി. സുരേന്ദ്രന് പ്രസിഡൻറുസ്ഥാനം നൽകരുതെന്ന ആർ.എസ്.എസ് നിലപാടായിരുന്നു ശരിയെന്ന് വ്യക്തമായിരിക്കുന്നുവെന്ന് മുതിർന്ന നേതാക്കൾ വിമർശിച്ചു.
50 ശതമാനം സ്ത്രീകൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ പ്രമുഖ വനിത മുഖമായ ശോഭ സുരേന്ദ്രനെ മാറ്റി നിർത്തിയതിെൻറ കാരണം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ചെയ്തു. ഇത് പാർട്ടിക്ക് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കി.
പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പക്വതയുള്ള നേതൃത്വം കേരളത്തിലില്ല. അതിനാൽ അടിയന്തരമായി കേന്ദ്ര ഇടപെടലുണ്ടാകണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 30 എം.എൽ.എമാരെ വിജയിപ്പിക്കാമെന്നായിരുന്നു കെ.സുരേന്ദ്രൻ അധ്യക്ഷപദവി ഏറ്റെടുക്കുമ്പോൾ പറഞ്ഞ വാക്ക്. ഇതിന് മുന്നോടിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 30 മണ്ഡലങ്ങളിൽ ലീഡുണ്ടാകുമെന്ന് പറഞ്ഞ സുരേന്ദ്രെൻറ അവകാശവാദം പൊളിഞ്ഞെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, ആർ.എസ്.എസ് നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.