കാസർകോട്: ‘അഴിമതി സർക്കാറിന്റെ ദുരിതഭരണത്തിനെതിരെ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാറിനെതിരെ ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള സൈക്കിൾ റൈഡ് കാസർകോട്ടുനിന്ന് യാത്ര തുടങ്ങി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സകല നന്മകളെയും തകർത്തെറിഞ്ഞ സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വീണ്ടെടുക്കാൻ കഴിയാത്തവിധം കേരളത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക രംഗം വിനാശകരമായ അവസ്ഥയിലേക്ക് പോവുകയാണ്. അഴിമതിയെ അലങ്കാരമായി അംഗീകരിക്കുന്ന ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഒരു കാരണവശാലും മുഖ്യമന്ത്രിയുമായോ സി.പി.എമ്മുമായോ കേന്ദ്രത്തിൽ സമരത്തിന് ആർ.എസ്.പിയോ യു.ഡി.എഫോ തയാറല്ല. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് ഏറ്റവും പ്രധാന കാരണം കേന്ദ്ര സർക്കാറിന്റെ അവഗണനയോ കേന്ദ്ര വിഹിതം കിട്ടാത്തതോ അല്ല. സംസ്ഥാന സർക്കാറിന്റെ ധൂർത്തും അഴിമതിയുമാണ്- അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് ഷിബു കരോണി, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.ജി. പ്രസന്ന കുമാർ, കെ.എസ്. സനൽ കുമാർ, കെ. ജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. ഷൗക്കത്ത്, ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റി അംഗം ശ്യാം പള്ളിശ്ശേരിയിൽ, മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എ.എം. കടവത്ത്, ജെറ്റോ ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കാർത്തികേയൻ എന്നിവർ സംസാരിച്ചു.
ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം ഒഴികെ 10 ജില്ലകളിലൂടെയാണ് സൈക്കിൾ റൈഡ് കടന്നുപോകുന്നത്. 29ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.