പാലക്കാട്: ശബരിമലയിലെ വരുമാനം മാർക്സിസ്റ്റ് പാർട്ടിക്കാരെ തീറ്റിപ്പോറ്റാനുള്ളതല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. സമാധാനപരമായി ദർശനം നടക്കുന്ന ശബരിമലയിലേക്ക് സി.പി.എം സ്ക്വാഡിനെ അയക്കുന്നത് ആർ.എസ്.എസിന് മുതലെടുക്കാനുള്ള അവസരം ഉണ്ടാക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ല. ഗുരുവായൂർ സത്യഗ്രഹത്തിൽ എ.കെ.ജി പങ്കെടുക്കുമ്പോൾ അദ്ദേഹം കോൺഗ്രസുകാരനായിരുന്നു.
ശബരിമലയിൽ നടന്ന സംഘർഷത്തിൽ വിശ്വാസികളുടെ പേരിൽ കേസെടുക്കരുത്. റോഡരികിൽ വിശ്വാസ സംരക്ഷണത്തിനെന്ന് പറഞ്ഞ് വാദിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ ആ വഴിക്ക് പോയിട്ടില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. സവർണ-അവർണ വിഭാഗീയത ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.
പിണറായിസേനയെ ഭക്തർ നേരിടും –ചെന്നിത്തല
വലിയതുറ: ശബരിമലയില്‍ ‘പിണറായിസേന’ യെ വിന്യസിക്കാനുള്ള തീരുമാനം ഭക്തർ നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പണ്ട് ഗോപാലസേനയുണ്ടാക്കിയതുപോലെ 1500ലധികം പാര്‍ട്ടിസഖാക്കളെ ഉൾപ്പെടുത്തി പിണറായിസേനയുണ്ടാക്കി ശബരിമലയില്‍ വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൂർണ പരജയമായ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുട്ടത്തറ സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമലപ്രശ്നത്തില്‍ മുഖ്യമന്ത്രി എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്. സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതിനുപകരം ആര്.എസ്.എസും ബി.ജെ.പിയും ചെയ്യുന്നതരം കാര്യങ്ങള്‍ ചെയ്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ ധാരണ. ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ രാഷ്ട്രീയമായി സർക്കാറിനോ പാർട്ടിക്കോ തിരിച്ചടിയാകില്ല. നാല് ജില്ലകളിൽ മുഖ്യമന്ത്രി പെങ്കടുത്ത വിശദീകരണയോഗങ്ങൾ നടത്തി. അഞ്ച് ജില്ലകളിൽകൂടി യോഗങ്ങൾ സംഘടിപ്പിക്കും. ആശങ്ക ദൂരീകരിക്കാൻ വിശദീകരണ യോഗങ്ങൾ സഹായകരമായെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ കാൽനടജാഥ അടക്കം വിപുല പ്രചാരണ പരിപാടികളും നടത്താൻ സെക്രേട്ടറിയറ്റ് യോഗത്തിൽ ധാരണയായി. നവംബർ നാലുമുതലാണ് പ്രചാരണ ജാഥ. മന്ത്രിമാരും സെക്രേട്ടറിയറ്റ് അംഗങ്ങളും പെങ്കടുക്കും. അക്രമ സംഭവങ്ങളിൽ ശക്തമായ നടപടി വേണമെന്ന നിലപാടാണ് പൊതുവെ ഉണ്ടായത്. പി.കെ. ശശി വിഷയത്തിലെ അന്വേഷണ കമീഷൻ റിപ്പോർട്ട് വെള്ളിയാഴ്ച ചേർന്ന സെക്രേട്ടറിയറ്റും പരിഗണിച്ചില്ല.
108 കേന്ദ്രങ്ങളിൽ പ്രാർഥനയജ്ഞം
കോട്ടയം: വിശ്വാസ സംരക്ഷണത്തിനായി 108 കേന്ദ്രങ്ങളിൽ ഞായറാഴ്ച പ്രാർഥനയജ്ഞം സംഘടിപ്പിക്കുമെന്ന് യോഗക്ഷേമ സഭ ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച െസക്രേട്ടറിയറ്റിന് മുന്നിലും പ്രാർഥനയജ്ഞം നടത്തും. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താൻ പന്തളം രാജകുടുംബവും താഴമണ്‍ തന്ത്രിമാരും നടത്തുന്ന നിയമനടപടികളെ ആചാര്യസദസ്സ് പിന്തുണച്ചു. കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമാണ്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കാത്തതും ഇരുമുടിക്കെട്ടോടുകൂടി മാത്രം പതിനെട്ടാംപടി കയറുകയെന്നതും ആചാരങ്ങള്‍ക്ക് ഉപരിയായി ക്ഷേത്ര നിയമമാണ്. കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിെൻറ പേരില്‍ ബ്രാഹ്മണരെയും താന്ത്രികാചാര്യന്മാരെയും അവഹേളിക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം. ശബരിമലയില്‍ നടക്കുന്ന അക്രമങ്ങളെ അനുകൂലിക്കുന്നില്ല. നിലവിലെ പ്രശ്നത്തിന് പ്രാര്‍ഥനയിലൂടെ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.