തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ പുനഃപരിശോധനഹരജി നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരജി നൽകുമെന്ന് പരസ്യമായി പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ നടപടിയിൽ അതൃപ്തി പരസ്യമാക്കിയ മുഖ്യമന്ത്രി, അത്തരം നിലപാട് ശരിയായില്ലെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിശ്വാസികൾക്കിടയിലെ ഭിന്നാഭിപ്രായങ്ങൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതിയുടെ അന്തിമ നിലപാട് വന്നത്. സർക്കാറെന്നനിലയിൽ ഇതിനനുസൃതമായ നടപടിയെടുക്കും. ഇൗ ഉത്സവകാലത്ത് സ്ത്രീകൾ വന്നാൽ ശൗചാലയം, കുളിമുറി, താമസം എന്നിവക്ക് സൗകര്യം ഒരുക്കും.
ദേവസ്വം ബോർഡ് പുനഃപരിശോധനഹരജി കൊടുക്കാൻ തീരുമാനിച്ചിട്ടില്ല. പ്രസിഡൻറ് താനുമായി ചർച്ച നടത്തിയിറങ്ങിയ ശേഷം, സ്ത്രീകളൊന്നും അവിടെ വരില്ല, എെൻറ വീട്ടിലെ സ്ത്രീകൾ പോകില്ല എന്നൊക്കെ പറഞ്ഞാൽ സർക്കാർ നിലപാടിെൻറ ഭാഗമാണ് അത് എന്ന സംശയം വരും. അങ്ങനെയൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത് ശരിയല്ല. സ്ത്രീകൾക്ക് അവിടെ പോകാൻ സുപ്രീംകോടതി അനുമതി നൽകിയാൽ മറ്റൊരു നിയമം ഉണ്ടാകുന്നതു വരെ അതാണ് നിയമം.
പോകാൻ അവകാശമുണ്ട് എന്ന് കരുതുന്ന ധാരാളം വിശ്വാസികളുണ്ട്. അമ്പലത്തിൽ പോകാൻ സ്ത്രീകൾ തയാറായാൽ അതു തടയാൻ പറ്റുമോ? അമ്പലങ്ങളുമായി ബന്ധപ്പെട്ട് പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. പുതിയ നിലപാട് അനുസരിച്ച് കാര്യങ്ങൾ നീക്കുക മാത്രമേ മാർഗമുള്ളൂ. ബി.ജെ.പി നിലപാട് അവരുടെ കാര്യമാണ്. ഒരു ഘട്ടത്തിൽ ആർ.എസ്.എസ് പോകാൻ അവകാശമുണ്ട് എന്ന നിലപാട് അംഗീകരിച്ചിരുന്നു. ഇപ്പോഴെന്താണ് നിലപാട് എന്നറിയില്ല. വനിതപൊലീസുകാരെ മതിയായില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കൂടി വിന്യസിക്കും. സുപ്രീംകോടതി പറഞ്ഞത് നടപ്പാക്കാൻ ബാധ്യതപ്പെട്ട സംവിധാനമാണ് സർക്കാർ. അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.