ശബരിമല : പമ്പാ സ്നാനത്തിനു ശേഷം വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കാൻ പാടില്ലെന്ന ബോധവൽക്കരണം തെല്ലും ഏശിയില്ല, നദിയിലും തീരത്തും തീർത്ഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കുമിഞ്ഞു കൂടുന്നു. വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് അനാചാരമാണെന്നും നദിയുടെ നീരൊഴുക്കിനെ ബാധിക്കുമെന്നും ജല മലിനീകരണത്തിന് ഇത് കാരണമാവുമെന്നും ചൂണ്ടിക്കാട്ടി ബോർഡുകളും അനൗൺസ്മെൻ്റും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും വിലപ്പോകുന്നില്ല.
നദിയിലും പടിക്കെട്ടിൽ നിന്നും അടക്കം വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് പത്തോളം കരാർ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ തൊഴിലാളികൾ ഒരു ഭാഗത്തു നിന്നും വസ്ത്രങ്ങൾ നീക്കം ചെയ്തു തുടങ്ങുമ്പോൾ മറുഭാഗത്ത് കുമിഞ്ഞു കൂടുന്ന കാഴ്ചയാണ് പമ്പയിൽ കാണാനാവുന്നത്.
വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് വേണ്ടി തീരത്ത് രണ്ട് ഇടങ്ങളിലായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട് . എന്നാൽ അവിടെ ഉപേക്ഷിക്കാതെ മുങ്ങി നിവരുന്നതിനൊപ്പം വസ്ത്രങ്ങൾ നദിയിൽ ഒഴുകുന്നത് നിർബാധം തുടരുകയാണ്. ഇതര സംസ്ഥാന തീർത്ഥാടകരാണ് ഇത്തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവരിൽ ഏറെയും.
തൊഴിലാളികൾ വാരിക്കൂട്ടുന്ന വസ്ത്രങ്ങൾ ആഴ്ച തോറും ലോറുകളിൽ ആക്കി കരാറുകാരൻ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെ എത്തിക്കുന്ന വസ്ത്രങ്ങൾ അലക്കിത്തേച്ച് പുതിയ പായ്ക്കറ്റുകളിൽ ആക്കി കേരളത്തിലെ വിപണികളിലേക്ക് അടക്കം മടങ്ങിയെത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.