കൊച്ചി: മുൻകൂർ ജാമ്യഉത്തരവ് തിരിച്ചുവിളിച്ചതിലൂടെ ശ്രദ്ധേയമായ റാന്നി കേസിലെ പരാതിക്കാർ വീണ്ടും ഹൈകോടതി രജിസ്ട്രാർക്ക് പരാതി നൽകി. വിവാദ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ മുഖേന നൽകിയ ഹരജി അപാകതകൾ ഏറെയുണ്ടായിട്ടും ബെഞ്ചിലെത്താൻ സഹായിച്ച ജാമ്യമാഫിയയെ കുറിച്ച് അന്വേഷിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ടാണ് പരാതിക്കാരായ റാന്നി മന്ദമരുതി സ്വദേശികളായ ടി. ബാബു, വി.ആർ. മോഹൻ എന്നിവർ രജിസ്ട്രാറെ സമീപിച്ചിരിക്കുന്നത്.
കേസിൽ ഹാജരായ പ്രോസിക്യൂട്ടർമാർ കാണിച്ച നിസ്സംഗത ഒത്തുകളിയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതികൾ നിയമവിരുദ്ധമായാണ് ഹരജി ഫയൽ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. തങ്ങൾക്ക് ദാനമായി കിട്ടിയ ഭൂമിയിൽ വീടുവെക്കാൻ അനുവദിക്കില്ലെന്നും പട്ടികജാതി കോളനിയാക്കില്ലെന്നും പറഞ്ഞ് പതിനഞ്ചോളം പേരാണ് തങ്ങളെ ആക്രമിച്ചത്.
സംഭവത്തിൽ റാന്നി പൊലീസ് നാല് കേസ് രജിസ്റ്റർ ചെയ്തു. വീടുപണി തടസ്സപ്പെടുത്തുകയും പൊതുവഴി അടക്കുകയും കിണർ ഇടിച്ചുനിരത്തുകയും ചെയ്ത പ്രതികൾക്കെതിരെ പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, ഈ കേസുകളിൽ പ്രതികൾക്ക് അന്യായമായി മുൻകൂർ ജാമ്യം ലഭിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളിലെ ജാമ്യഹരജികൾ സ്പെഷൽ കോടതി തള്ളിയാൽ മാത്രം ഹൈകോടതിയെ സമീപിക്കാമെന്ന ഉത്തരവ് നിലവിലിരിക്കെ നേരിട്ട് ഹൈകോടതിയിൽ അപ്പീൽ സമർപ്പിക്കാനായതെങ്ങനെ, നിയമപരമായി അപാകതയുള്ള ഹരജി എങ്ങനെ ബെഞ്ചിലെത്തി, ജാമ്യമാഫിയയുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോ, കേസിൽ ഇരകളെ കക്ഷിയാക്കാതെ നൽകിയ അപാകതയുള്ള ഹരജി എന്തുകൊണ്ട് അധികൃതർ നിരസിച്ചില്ല എന്നീ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.