പാലക്കാട്: പത്ത് വർഷത്തോളം ഒറ്റമുറിയിൽ ഒളിച്ചുകഴിഞ്ഞ സജിതയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും നെന്മാറ പൊലീസിനോട് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിത കമീഷൻ അംഗം ഷിജി ശിവജി 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു.
പ്രണയത്തിന്‍റെ പേരിലാണെങ്കിൽ പോലും 10 വർഷം മുറിക്കുള്ളിൽ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളിൽ ഇവർക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാൻ. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്.
ലോക്ഡൗൺ കാലയളവിൽ പോലും വീട്ടിലിരിക്കാൻ ആകാത്തവരാണ് സാധാരണക്കാർ. നീണ്ട 10 വർഷങ്ങളാണ് സജിത മുറിക്കുള്ളിൽ തന്നെ കഴിഞ്ഞത്. വേണ്ടത്ര സൂര്യപ്രകാശം പോലും ലഭിച്ചിട്ടിട്ടുണ്ടാകില്ല. 18 വയസ് മുതൽ ഒരു പെൺകുട്ടിയുടെ മാനസികവും ശാരീരികവും ജൈവീകവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാനാവശ്യമായ സാഹചര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമീഷന് ആശങ്കയുണ്ട്. സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാൽ പോലും കമീഷന് ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല.
പൊലീസിനോട് വിവരങ്ങൾ തിരക്കിയിരുന്നു. ഒരു തവണ കൗൺസിലിങ് നൽകിക്കഴിഞ്ഞതായാണ് അവർ അറിയിച്ചത്. ആവശ്യമെങ്കിൽ ഇനിയും അത്തരം സഹായങ്ങൾ നൽകും. കർശനമായ ലോക്ഡൗണായതിനാലാണ് കമീഷൻ സജിതയെ സന്ദർശിക്കാത്തത്. ഉടൻതന്നെ സജിതയെ കാണും. അവർ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കുമെന്നും ഷിജി ശിവജി മാധ്യമം ഓൺലൈനിനോട് പറഞ്ഞു.
അയിലൂരിലെ റഹ്‌മാന്‍റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നതുകൊണ്ടാണ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസിനോട് വ്യക്തമാക്കി. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങി വിത്തിനശ്ശേരിയിൽ വാടകവീടെടുത്ത് ഇവർ താമസം തുടങ്ങിയിരുന്നു. റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.