ശമ്പളവും പെൻഷനും: ​കെ.എസ്​.ആർ.ടി.സിക്കും കെ.എസ്​.ഇ.ബിക്കും രണ്ടുനീതി

കോട്ടയം: പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കെ.എസ്​.ആർ.ടി.സിയിലെയും കെ.എസ്​.ഇ.ബിയിലെയും ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാറിൽനിന്ന്​ ലഭിക്കുന്നത്​ രണ്ടുനീതി. ശമ്പളവും പെൻഷനും നിശ്ചയിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കെ.എസ്​.ഇ.ബിക്ക്​ അനുകൂല നിലപാടാണ്​ മാറിമാറി വന്ന സർക്കാറുകൾ സ്വീകരിക്കുന്നത്​.

കേരളത്തിൽ കെ.എസ്​.ആർ.ടി.സിയിലെ പോലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് വൈദ്യുതി ബോർഡിൽ മാത്രമാണ്. പ്രവർത്തന ലാഭം നേടാനും ഉപഭോക്താക്കൾക്ക്​ മികച്ച സേവനം നൽകാനുമെന്ന പേരിൽ രണ്ടുസ്ഥാപനങ്ങളിലും കമ്പനി രൂപവത്കരിച്ചിട്ടുണ്ട്.

കെ.എസ്​.ഇ.ബി മൊത്തത്തിൽ കമ്പനിയാക്കിയപ്പോൾ കെ.എസ്​.ആർ.ടി.സിയിൽ കെ സ്വിഫ്​റ്റ്​ എന്ന പേരിൽ പ്രത്യേക കമ്പനിയാക്കിയെന്ന്​ മാ​ത്രം. വൈദ്യുതിയുടെ ഉൽപ്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നായി വിഭജിച്ച്​ കമ്പനിയാക്കേണ്ട സ്ഥാനത്ത്​ ഇവയെ സ്​ട്രാറ്റജിക്​ ബിസിനസ്​ യൂനിറ്റുകൾ എന്ന പേരിട്ട്​ കെ.എസ്​.ഇ.ബി ലിമിറ്റഡിൽ നിലനിർത്തുകയാണ്​ കേരളം ചെയ്തത്​.

ഫലത്തിൽ പഴയ പേരിനൊപ്പം ലിമിറ്റഡ്​ എന്ന്​ ചേർത്തതല്ലാതെ പ്രത്യക്ഷത്തിൽ വലിയ മാറ്റമൊന്നും വൈദ്യുതി ബോർഡിൽ വന്നിട്ടില്ല. ഒറ്റ യൂനിയനായി തന്നെയാണ്​ ഉൽപ്പാദന, പ്രസരണ, വിതരണ മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രവർത്തിക്കുന്നത്​.

കെ.എസ്​.ഇ.ബിയിൽ പെൻഷൻ നൽകാൻ 23,121 കോടി രൂപയുടെ ഫണ്ടാണ് വൈദ്യുതി നിരക്കു കൂട്ടൽ അടക്കമുള്ള നീക്കങ്ങളിലൂടെ സർക്കാർ വൈദ്യുതി ബോർഡിനു സ്വരൂപിച്ചു നൽകുന്നത്. അതിൽ 19,640 കോടി രൂപ പെൻഷൻ നൽകാനും 2446 കോടി ഗ്രാറ്റുവിറ്റി നൽകാനും 1035 കോടി രൂപ ലീവ്​ സറണ്ടർ തുക നൽകാനുമാണ്​ നീക്കിവെക്കുന്നത്​.

1983ലെ റിവ്യൂ ഓഫ് പബ്ലിക് എന്‍റർപ്രൈസസ്​ ഇൻ കേരളയുടെ 156–ാം പേജിൽ വൈദ്യുതി ബോർഡിൽ 35192 ജീവനക്കാർ ഉണ്ടെന്നും അതിലെ തൊഴിലാളികളുടെ ശരാശരി ശമ്പളം 1004 രൂപയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. 158–ാം പേജിൽ കെ.എസ്​.ആർ.ടി.സിയിൽ 31932 തൊഴിലാളികളുണ്ടെന്നും അവരുടെ ശരാശരി ശമ്പളം 845 രൂപയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കെ.എസ്​.ആർ.ടി.സിയുടെയും കെ.എസ്​.ഇ.ബിയുടെയും ശമ്പള അന്തരം 19 ശതമാനം മാത്രം.

2022 മാർച്ചിൽ പ്രസിദ്ധീകരിച്ച 2021 ലെ റിവ്യു ഓഫ് പബ്ളിക് എന്‍റർപ്രൈസസ്​ റിപ്പോർട്ടിൽ കെ.എസ്​.ഇ.ബിയിൽ 32,518 ജീവനക്കാരുണ്ടെന്നും ശമ്പളത്തിനായി 5153.17 കോടി രൂപാ ചെലവാക്കിയെന്നും വ്യക്തമാക്കുന്നു. 2020–21 ലെ കെ.എസ്​.ഇ.ബിയിലെ ശരാശരി ശമ്പളം 1,32,059 രൂപായാണ്​. ഇതേ കാലയളവിൽ കെ.എസ്​.ആർ.ടി.സി യിൽ 30060 ജീവനക്കാർ പണിയെടുക്കുന്നുണ്ടെന്നും ഇവർക്ക് ശമ്പളമായി 989.28 കോടി രൂപ ചെലവാക്കിയെന്നും പറയുന്നു. 2020 –21 ൽ കെ.എസ്​.ആർ.ടി.സി യിലെ ശരാശരി ശമ്പളം 27,425 രൂപയാണ്​. കെ.എസ്​.ആർ.ടി.സിയും കെ.എസ്​.ഇ.ബിയും തമ്മിലെ ശമ്പള അന്തരം 381 ശതമാനമായി.

40 വർഷത്തിനിടയിൽ കെ.എസ്​.ആർ.ടി.സിയുടെയും കെ.എസ്​.ഇ.ബിയുടെയും ശമ്പള അന്തരത്തിൽ വന്ന വ്യത്യാസം 362 ശതമാനമാണ്​. വൈദ്യുതി മേഖലയിലുള്ളതിനേക്കാൾ അപകടകരമായ ജോലിയാണ്​ ദിവസവും നൂറുകണക്കിന്​ കിലോമീറ്റർ തിരക്കേറിയ റോഡിലൂടെ അതിവേഗ ബസുകൾ ഓടിക്കുന്നവരുടേത്​. എന്നിട്ടും, കെ.എസ്​.ഇ.ബിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ അവഗണനയാണ്​ കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ നേരിടേണ്ടി വരുന്നത്​.

Tags:    
News Summary - Salary and Pension: Two Justice for KSRTC and KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.