നോട്ടുക്ഷാമം: ആദ്യ ശമ്പളദിനം സങ്കീര്‍ണമാവും

തിരുവനന്തപുരം: നോട്ടുക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആദ്യ ശമ്പളദിനമായ വ്യാഴാഴ്ച ബാങ്കുകളിലും ട്രഷറികളിലും സ്ഥിതി സങ്കീര്‍ണമാകും. ഇതിനിടെ നോട്ടുകളുടെ കുറവുമൂലം ട്രഷറികളില്‍ സംഘര്‍ഷസാധ്യതയുണ്ടെന്നും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടര്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കത്ത് നല്‍കി. വ്യാഴാഴ്ച മുതലുള്ള ഒരാഴ്ചയാണ് ശമ്പളവും പെന്‍ഷനും നല്‍കേണ്ടത്.

ട്രഷറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ബാങ്കില്‍നിന്ന് ലഭ്യമാകാത്തതിനാല്‍  ശമ്പളം, പെന്‍ഷന്‍ എന്നിവ ആദ്യ ആഴ്ചയില്‍ പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയില്ല. ഇത് കണക്കിലെടുത്താണ് ഡിസംബറിലെ ആദ്യ ഏഴ് പ്രവൃത്തിദിവസങ്ങളിലും പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യം. വ്യാഴാഴ്ച മുതല്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 600 കോടി ആവശ്യമാണ്. പണം പൂര്‍ണമായും ലഭിച്ചില്ളെങ്കില്‍ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച ബാങ്കുകളില്‍ നോട്ടുകള്‍ വളരെ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ ശമ്പള ദിനത്തിലേക്ക് കടക്കുന്നത്. 30-40 ലക്ഷം രൂപയുടെ നോട്ട് എത്തേണ്ടിടത്ത് പല ബാങ്കിലും 5-7 ലക്ഷം രൂപയാണ് ബുധനാഴ്ച കിട്ടിയത്. ട്രഷറികളിലും സ്ഥിതി വ്യത്യസ്തമല്ല.

രാവിലെ 11ഓടെ മാത്രമേ ട്രഷറികളിലും ബാങ്കുകളിലും നോട്ട് എത്തൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ചെസ്റ്റ് ബ്രാഞ്ചുകളില്‍നിന്ന് നോട്ടത്തെിയാലും നടപടി പൂര്‍ത്തിയാക്കി 11ഓടെതന്നെ വിതരണം ആരംഭിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.  
 

Tags:    
News Summary - salary days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.