കൊച്ചി: 11ാം ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഉദാരമാകില്ലെന്ന് സൂചന.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്തുകൊണ്ടുള്ള ശിപാർശകളാകും റിപ്പോർട്ടിൽ ഉൾപ്പെടുത്തുക എന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കർശന നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും സർവിസ് പെൻഷൻകാരുടെ പെൻഷനും പരിഷ്കരിക്കാൻ നിയോഗിച്ച കമീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർവിസ് സംഘടനകളുമായുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
സേവന, വേതന വ്യവസ്ഥകൾ സംബന്ധിച്ച് നിരവധി ആവശ്യങ്ങൾ സംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതിയുടെ കാര്യത്തിൽ മുെമ്പാരിക്കലുമില്ലാത്ത പ്രതികൂല അന്തരീക്ഷമാണ് നിലവിലുള്ളതെന്നാണ് കമീഷൻ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ വസ്തുതകൾ പരിഗണിക്കാതെയുള്ള ശിപാർശകൾ വേണ്ടെന്നും പ്രയോഗികമായി നടപ്പാക്കാൻ കഴിയുന്നവ മാത്രം നിർദേശിച്ചാൽ മതിയെന്നുമാണ് തീരുമാനം.
സംസ്ഥാനത്തിെൻറ വരുമാനത്തിലുണ്ടായ ഇടിവ്, കേന്ദ്രത്തിൽനിന്നുള്ള സാമ്പത്തിക സഹായത്തിലെ കുറവ്, നിലവിലെ പ്രതിസന്ധി അനിശ്ചിതമായി നീളുന്ന അവസ്ഥ എന്നീ ഘടകങ്ങളും പരിഗണിക്കും.
ഇതാദ്യമായി വനിത ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാനും കമീഷനോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. കെ. മോഹൻദാസ് ചെയർമാനായ കമീഷനിൽ പ്രഫ. എം.കെ. സുകുമാരൻ നായർ, അശോക് മാമ്മൻ ചെറിയാൻ എന്നിവരാണ് അംഗങ്ങൾ.
ഡിസംബർ 31 വരെയാണ് കമീഷൻ കാലാവധി. അതിന് മുമ്പ്തന്നെ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സമയക്രമം തയാറാക്കിയിട്ടുണ്ട്.
ലോക്ഡൗൺ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ നീണ്ടുപോയതിനാൽ ജൂൺ 30ന് അവസാനിക്കേണ്ട കമീഷൻ കാലാവധി സർക്കാർ ആറ് മാസം കൂടി നീട്ടുകയായിരുന്നു. ജനുവരി അസാനമോ ഫെബ്രുവരി ആദ്യമോ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവ് ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.