മലപ്പുറം: സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എസ്.എൻ.ഇ.സിയുടെ സംസ്ഥാനതല പ്രവേശനോത്സവം തടയാൻ സ്ഥാപനത്തിന്റെ പഴയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രമം. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. കൊണ്ടോട്ടി മണ്ഡലത്തിലെ വിളയിൽ സി.ബി.എം.എസ് യതീംഖാന കാമ്പസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
നേരത്തേ സാദിഖലി തങ്ങൾ പ്രസിഡന്റായിരുന്ന സ്ഥാപനത്തിൽ സമസ്ത തള്ളിയ സി.ഐ.സിയുടെ വാഫി കോഴ്സാണ് നടത്തിയിരുന്നത്. വാഫി സംവിധാനത്തിനുള്ള പിന്തുണ സമസ്ത നേതൃത്വം പിൻവലിച്ചതോടെ സ്ഥാപന നേതൃത്വത്തിലെ ഒരു വിഭാഗം സ്ഥാപനത്തിൽ സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ നിലവിലുള്ള കമ്മിറ്റി അംഗങ്ങൾ എതിർത്തു. പഴയ കമ്മിറ്റിയിലെ ഏഴ് അംഗങ്ങൾ മാത്രമാണ് സമസ്തയെ അനുകൂലിക്കുന്നവരായി ഉണ്ടായിരുന്നത്.
എന്നാൽ, സ്ഥാപന നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം തീരുമാനിച്ചതോടെ സമസ്ത അനുകൂലികളുടെ നീക്കം വിജയിച്ചു. ഇതോടെ സാദിഖലി തങ്ങളെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ പ്രസിഡന്റാക്കി പുതിയ കമ്മിറ്റി രൂപവത്കരിച്ചു. ഇതോടെ പഴയ കമ്മിറ്റി ഭാരവാഹികളും പുതിയ കമ്മിറ്റി ഭാരവാഹികളും തമ്മിൽ പ്രശ്നം തുടങ്ങി.
ഈ പ്രശ്നം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് സമസ്തയുടെ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല പ്രവേശനോത്സവം സ്ഥാപനത്തിൽ നടത്തിയത്. ഈ പരിപാടിയിലേക്ക് ക്ഷണിക്കാതെ സാദിഖലി തങ്ങളുടെ ഫോട്ടോ പ്രചരിപ്പിച്ച് അദ്ദേഹം സമസ്തയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമാണെന്ന് വരുത്താൻ പുതിയ കമ്മിറ്റി ശ്രമിച്ചെന്ന് പഴയ കമ്മിറ്റി ആരോപിച്ചു.
പരിപാടി തടയാൻ പഴയ കമ്മിറ്റി ഭാരവാഹികൾ ശ്രമം തുടങ്ങി. ഇതിനായി മുസ്ലിം ലീഗ് ദേശീയ കൗൺസിലറുടെ വീട്ടിൽ ഞായറാഴ്ച രാത്രി യോഗം ചേർന്നു. പരിപാടി തടയാനായിരുന്നു യോഗതീരുമാനം.
തിങ്കളാഴ്ച പരിപാടി തുടങ്ങുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് സ്ഥാപനത്തിന്റെ പരിസരത്തുള്ള ഓഡിറ്റോറിയത്തിൽ പഴയ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ തമ്പടിച്ചു. വൻ പൊലീസ് സാന്നിധ്യത്തിലാണ് സ്ഥാപനത്തിൽ സംസ്ഥാനതല പ്രവേശനോത്സവം നടന്നത്. ഓഡിറ്റോറിയത്തിൽ തമ്പടിച്ച പ്രവർത്തകരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഫോണിൽ വിളിച്ചാണ് ഇവരെ അനുനയിപ്പിച്ചത്.
ചൊവ്വാഴ്ചതന്നെ യോഗം ചേർന്ന് സ്ഥാപനം പിടിച്ചടക്കിയതിനെതിരെ ഭാവിപരിപാടികൾ ആലോചിക്കാനാണ് പഴയ കമ്മിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.