പാലക്കാട്: കെ. സുരേന്ദ്രന്റെ രാജിസന്നദ്ധത രാഷ്ട്രീയ നാടകമെന്ന് സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിനു പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടത്. ബി.ജെ.പിയുടെ ഗ്രൂപ്പ് പോരിൽ ഏതെങ്കിലും പക്ഷത്തിന്റെ കോടാലിയാകാൻ താൻ ആഗ്രഹിക്കുന്നില്ല.
നിലപാട് പറയേണ്ട സമയത്ത് അഭിപ്രായം പറയാതിരുന്ന കുറെയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ പറയുന്നുണ്ട്. സുരേന്ദ്രൻതന്നെ ബി.ജെ.പിയെ നയിക്കണം. വി. മുരളീധരനോട് പെട്രോൾ വിലയെക്കുറിച്ച് ചോദിച്ചാൽ മതിയെന്ന് പരിഹസിച്ച സന്ദീപ്, സ്വന്തം പാർട്ടിയെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ് മുരളീധരനെന്നും കൂട്ടിച്ചേർത്തു.
കോഴിക്കോട്: പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അധ്യക്ഷസ്ഥാനം ഒഴിയണോ, കാലാവധി തികക്കണോ എന്നെല്ലാം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുക.
പാലക്കാട്ടെ സ്ഥാനാർഥി നിർണയ ചർച്ച നടത്തിയത് മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു. വി. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ നടന്ന പിറവം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേവലം രണ്ടായിരം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അന്നാരും മുരളീധരന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നുപറഞ്ഞ് അദ്ദേഹത്തിനെതിരെ സുരേന്ദ്രൻ ഒളിയമ്പെയ്യുകയും ചെയ്തു. കുമ്മനം പാലക്കാട്ട് പോയി ചർച്ച നടത്തി സി. കൃഷ്ണകുമാർ അടക്കം മൂന്നുപേരുടെ പട്ടിക സമർപ്പിച്ചു. എന്നാൽ, ഇതിൽ രണ്ടുപേർ തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തിയാണ് കേന്ദ്ര നേതൃത്വത്തിന് പട്ടിക നൽകിയത്. നാമനിർദേശപത്രിക നൽകുന്നതിന്റെ തലേ ദിവസം, തന്നെ ഒഴിവാക്കണമെന്ന് കൃഷ്ണകുമാർ പറഞ്ഞതായും അവകാശപ്പെട്ടു.
പാലക്കാട് നഗരസഭ അധ്യക്ഷയടക്കം കൃഷ്ണകുമാറിനെതിരെ പരസ്യമായി രംഗത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, പരസ്യപ്രതികരണങ്ങളടക്കം എല്ലാം പരിശോധിക്കുമെന്നായിരുന്നു മറുപടി. ശോഭ സുരേന്ദ്രനോ പാലക്കാട് നഗരസഭ കൗൺസിലർമാരോ അട്ടിമറിക്ക് ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്: കെ. സുരേന്ദ്രൻ അധ്യക്ഷസ്ഥാനം രാജിവെക്കേണ്ട തില്ലെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ. വാർത്തയറിഞ്ഞ് സുരേന്ദ്രനെ വിളിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടത്? പാലക്കാട്ട് വോട്ട് കുറഞ്ഞിട്ടില്ല. സംഘടനാ ബന്ധത്തിനപ്പുറം നല്ല സുഹൃത്ത് കൂടിയാണ് കെ. സുരേന്ദ്രൻ. ഒരു പരാജയത്തിന്റെ പേരിൽ രാജിവെച്ച് പിൻവാങ്ങുന്നയാളല്ല അദ്ദേഹം. പുറത്തുവന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ദുഷ്പ്രചാരണങ്ങൾ കൊണ്ട് നഗരസഭ ഭരണവിരുദ്ധത ഉണ്ടായെന്നും കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട്: ജില്ലയിലെ ബി.ജെ.പിയുടെ തലപ്പത്ത് മാറ്റങ്ങൾ വരണമെന്നും സി. കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്നും ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. കൃഷ്ണകുമാറിന്റെ ആസ്തി പരിശോധിക്കണമെന്നും ശിവരാജൻ തുറന്നടിച്ചു.
ആർ.എസ്.എസ് ഇടപെട്ടതിനാലാണ് ചിലയിടത്തെങ്കിലും ലീഡ് കിട്ടിയത്. ശോഭ സുരേന്ദ്രൻ ആണെങ്കിൽ വിജയിച്ചേനെ. സുരേന്ദ്രൻ കരുത്തുറ്റ നേതാവാണ്. അതേസമയം, സ്വത്ത് വിവരത്തിന്റെ സത്യവാങ്മൂലം സമര്പ്പിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷിലാണ് നൽകിയതെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.