പാലക്കാട്: സംഗീത നാടക അക്കാദമിയിൽ ദലിത് വിവേചനമെന്ന് ആരോപണമുയരുന്നതിനിടെ തൊഴിലിനെത്തിയ തങ്ങളെ അപമാനിച്ച് പറഞ്ഞയച്ചുവെന്ന് അട്ടപ്പാടി ഗോത്രവർഗകലാകാരൻമാർ. 2018ലെ നാടകോത്സവവുമായി ബന്ധപ്പെട്ട് ജോലിക്കെത്തിയ അട്ടപ്പാടി ആനവായ് സ്വദേശി ചന്ദ്രെൻറ നേതൃത്വത്തിലുളള ആദിവാസികളോട് നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ കാട്ടിൽ പണിയെടുത്താൽ മതിയെന്ന് പറഞ്ഞ് മടക്കുകയായിരുന്നുവെന്നാണ് പരാതി.
പണിയും വരുമാനവും ഇല്ലാതെ കഷ്ടപ്പെടുന്ന ആദിവാസി കുടുംബങ്ങൾക്ക് ഈ സീസണിലെ വരുമാനം വലിയ ആശ്വാസമായിരുന്നു. തുടർന്ന് രണ്ടാംവട്ടവും അക്കാദമിയിൽ എത്തിയ സംഘത്തോട് 'ഇവിടത്തെ ജോലികൾ ചെയ്യാൻ ഇവിടത്തെ ആളുകൾ മതി' എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന ബർമൻ 'മാധ്യമ'ത്തോട് പറഞ്ഞു.
തങ്ങളെ അപമാനിച്ചിറക്കിവിട്ട അക്കാദമി അധികൃതരെ കുറിച്ച് ആനവായ് സ്വദേശികളായ ചന്ദ്രനും ഉണ്ണികൃഷ്ണനും ബർമനും ആേരാടും പരാതി പറഞ്ഞിരുന്നില്ല. ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നേരിട്ട വിവേചനത്തിെൻറ കഥകൾ മാധ്യമങ്ങളിലൂെട അറിഞ്ഞതോടെയാണ് അരങ്ങിലെ ജീവിതത്തിന് വിരാമമിട്ട ദിവസത്തെക്കുറിച്ച് 'മാധ്യമ'ത്തോട് മനസ്സുതുറന്നത്.
സംഗീത നാടക അക്കാദമിയിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവ ഭാഗമായുള്ള പുറംജോലികൾക്കായും സാങ്കേതിക വിഭാഗത്തിൽ ആർട്ടിസ്റ്റ് സുജാതെൻറ സഹായികളായും നാല് വർഷത്തോളം തുടർച്ചയായി അട്ടപ്പാടി ആദിവാസി ഊരിൽ നിന്ന് 10ഓളം ആദിവാസികൾ വന്ന് ജോലി ചെയ്യാറുണ്ടായിരുന്നു. എന്നാൽ, 2018ലെ നാടകോത്സവ ജോലിക്കായി എത്തിയ ആദിവാസികളോട് അക്കാദമി സെക്രട്ടറി മോശമായി പെരുമാറി മടക്കി അയക്കുകയായിരുന്നു. ഇറ്റ്ഫോക്ക് ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ശങ്കർ വെങ്കിടേശ്വരെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അട്ടപ്പാടിയിലെ തിയറ്റർ റൂട്ട്സ് ആൻഡ് വിങ്സ് കൂട്ടായ്മയിലെ പ്രവർത്തകരാണ് ചന്ദ്രനും ബർമനുമടക്കമുള്ളവർ. മൺമറഞ്ഞ ആദിവാസി കലാരൂപമായ 'മധുരവീരൻ കൂത്ത്' ഇവരുടെ ശ്രമഫലമായി 2015ൽ അരങ്ങിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.