സാനിയ മിർസ ഷെയർ ചെയ്തത് കോഴിക്കോട്ടുകാരുടെ ട്രോൾ വീഡിയോ

കോഴിക്കോട്: ലോക്‌ഡൗൺ കാലത്തെ അവധിയുടെ വിരസത മാറ്റാൻ ടിക് ടോക്കിൽ സജീവമായതായിരുന്നു കോഴിക്കോട്ടെ കട്ടിപ്പാറക്കടുത്ത് കല്ലുള്ളതോട് സ്വദേശി എം.കെ ബിനീഷ്. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തയുമുണർത്തുന്ന ട്രോൾ വീഡിയോകളാണ് ഈ ചെറുപ്പക്കാരൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ടെന്നിസ് താരം  സാനിയ മിർസയുടെ പേര് പരാമർശിക്കുന്ന ടോൾ വീഡിയോ സാനിയ ട്വിറ്ററിൽ ഇട്ടതോടെയാണ് ' പിടിവിട്ടത് '. ആയിരക്കണക്കിന് പേർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.

'സാനിയ മിർസയുടെ ട്രൗസർ' എന്നെഴുതിയ കുറിപ്പുമായി കടയിലെത്തുന്നയാളോട് 'സാനിറ്റൈസറാടോ ' എന്ന് കടയിലുള്ളയാൾ മറുപടി നൽകുന്ന സിംപിൾ വീഡിയോയാണ് സാനിയയെപ്പോലും ചിരിപ്പിച്ചത്. കോവിഡ് കാലത്ത് ഹാന്റ് സാനിറ്റൈസർ അത്രയും പ്രിയപ്പെട്ടതാണെന്ന സന്ദേശമുയർത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യം.അനിൽ തോമസ് എന്നയാൾ ട്വിറ്ററിലിട്ട ട്രോൾ വീഡിയോയാണ് സാനിയ ഷെയർ ചെയ്തത്. സാനിയ ഈ വീഡിയോ ട്വിറ്ററിൽ ഇട്ടെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒന്ന് പേടിച്ചതായി ബിനീഷ് പറഞ്ഞു.

സാനിയയുടെ പേര് പരാമർശിച്ചതിന് വല്ല എതിർപ്പുമുണ്ടായോ എന്നായിരുന്നു പേടി.എന്നാൽ സൂപ്പർ താരം നിറഞ്ഞ മനസോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തതെന്ന് അറിഞ്ഞതോടെ ബിനീഷിന്റെയും ജോബിന്റെയും മനം നിറഞ്ഞു. നിരവധി പേരാണ് ഫേസ് ബുക്കിൽ ഇവർക്ക് അഭിനന്ദനവുമായെത്തുന്നത്. മാസ്കിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പുതിയ ട്രോളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ബീവറേജസ് കോർപറേഷനിൽ ഉദ്യോഗസ്ഥനായ ബിനീഷ് വീണു കിട്ടിയ അവധി സർഗാത്മകമാക്കാനാണ് ട്രോൾ വീഡിയോ ഒരുക്കുന്നത്. കട്ട സപ്പോർട്ടുമായി കസിൻ ജോബിനും തകർത്ത് അഭിനയിക്കുകയാണ്. സ്വന്തമായുണ്ടാക്കുന്ന സംഭാഷണമുപയോഗിക്കുന്നുവെന്നതാണ് ഇവരുടെ ട്രോളിൻെറ പ്രത്യേകത. ചിത്രം വരയാണ് ബിനീഷിൻെറ മറ്റൊരു ഹോബി.

Tags:    
News Summary - saniya mirza shared troll video created by kozhikode people -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.