തൃശൂർ: കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത സംഭവത്തിൽ കുറ്റാരോപിതർ പുരോഹിതരായതിനാൽ സർക്കാർ നടപടി വൈകിപ്പിക്കുകയാണെന്ന് പ്രഫ. സാറാ ജോസഫ്. തൃശൂരിലെ ഒരു ബിഷപ്പും കന്യാസത്രീയെ പീഡിപ്പിച്ചിരുന്നുവെന്ന് സാറാ ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ട സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റർ ജെസ്മി ആരോപിച്ചു. സഭയിൽ നവീകരണം അനിവാര്യമായ സാഹചര്യമാണെന്നും സി. ജെസ്മി പറഞ്ഞു. ഭൂമി തട്ടിപ്പ് കേസിൽ ആരോപിതനായ കർദിനാൾ ജോർജ് ആലഞ്ചേരി കന്യാസ്ത്രീ പീഡകനായ ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെ കത്തോലിക്ക സഭയുടെ മേലധ്യക്ഷനാവാൻ യോഗ്യനല്ലെന്ന് തെളിഞ്ഞതായി സാറാ ജോസഫ് കുറ്റപ്പെടുത്തി.
സിനിമ മേഖലയിലുൾപ്പെടെ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സർക്കാർ കാണിക്കുന്ന ഉദാസീന മനോഭാവം ആശങ്കപ്പെടുത്തുന്നു. അമ്മ സംഘടന നടിയെ ആക്രമിച്ച കേസിൽ ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നത്. ഓർത്തഡോക്സ് വൈദികർ ഗുരുതരമായ കുറ്റമാണ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട സ്ത്രീയെ മാത്രമല്ല, വിശ്വാസ സമൂഹത്തെ മുഴുവൻ ഇവർ വഞ്ചിച്ചു. ഫ്രാങ്കോ മുളക്കലിനെയും ഓർത്തഡോക്സ് സഭയിലെ വൈദികരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.
സംഘടിത മത ധാർഷ്ട്യത്തിന് മുന്നിൽ വഴങ്ങിക്കൊടുക്കുന്നത് സർക്കാറിന് അപമാനമാണെന്നും പ്രഫ. സാറാ ജോസഫ് പറഞ്ഞു. മുളങ്കുന്നത്തുകാവിലെ സാറാ ജോസഫിെൻറ വസതിയിൽ മാധ്യമങ്ങളെ കണ്ട അവരോടൊപ്പം പ്രഫ. കുസുമം ജോസഫ്, ലില്ലി തോമസ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.