തിരുവനന്തപുരം: വേദനകളെ അതിജീവനത്തിെൻറ കരുത്തിൽ തോൽപിച്ച ശരണ്യ ബാക്കിയാക്കിയത് ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളും. പ്രിയസൗഹൃദങ്ങളുടെ കൈയൊപ്പിൽ പണിതുയർത്തിയ 'സ്നേഹസീമ' എന്ന വീട്ടിൽ ഏതാണ്ട് 10 മാസത്തോളം മാത്രമാണ് ശരണ്യ താമസിച്ചത്. സിനിമ-സീരിയല്‍ താരം ശരണ്യ വിടപറയുമ്പോള്‍ ഇൗ സ്നേഹസൗഹൃദങ്ങളുടെ വീടും ബാക്കിയാകുകയാണ്. 2012ലാണ് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യക്ക് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന്, ചികിത്സയുടെ നാളുകളായിരുന്നു.
മാതാവും അനുജനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിെൻറ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. അഭിനയം നിലച്ചതോടെ വീട്ടുവാടക കൊടുക്കാന്‍ പോലും കഴിയാതെയായി. 10 വര്‍ഷത്തിനിടെ 11 ശസ്ത്രക്രിയകള്‍ക്കാണ് ശരണ്യ വിധേയയായത്. ഇൗ കഷ്ടപ്പാടുകൾക്കിടയിലും ചികിത്സക്കായി മുഖ്യമന്ത്രിയുടെ സഹായനിധിയിൽനിന്ന് ലഭിച്ച തുകയിൽനിന്ന് 10,000 രൂപയാണ് ശരണ്യ മടക്കിനൽകിയത്. സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയൊരു പങ്ക് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അന്ന് ശരണ്യ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
ചന്ദനമഴയിലൂടെയും കറുത്തമുത്തിലൂടെയുമൊക്കെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞുനിന്ന മുഖം കണ്ടാല്‍ പോലും തിരിച്ചറിയാതായി. ഒരു ഘട്ടത്തില്‍ ശസ്ത്രക്രിയക്കുള്ള പണം കൈയിലില്ലാത്ത അവസ്ഥയുണ്ടായി. നടി സീമാ ജി.നായര്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചതോടെയാണ് ശരണ്യയുടെ അവസ്ഥ പുറത്തറിഞ്ഞത്. ദുരിതകാലത്ത് ശരണ്യയെ നെഞ്ചോടുചേര്‍ത്ത് സീമ ഒപ്പമുണ്ടായിരുന്നു.
മുടി കൊഴിഞ്ഞിട്ടും പത്താമത്തെ ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരത്തിെൻറ ഒരുവശം തളര്‍ന്നിട്ടും ഈ വീട്ടിലിരുന്ന് ശരണ്യ സ്വപ്നങ്ങള്‍ കണ്ടു. ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഒരുപാടുപേര്‍ക്ക് ആത്മവിശ്വാസമേകി. രണ്ടരമാസത്തെ ഫിസിയോ തെറപ്പിക്കുശേഷം പ്രതീക്ഷയുടെ ചെറുവെളിച്ചം ശരണ്യയുടെ ജീവിതത്തിലേക്കും വന്നെത്തിയിരുന്നു.
മകളുടെ മുഖത്തുനിന്ന് ഏറെനാളായി നഷ്ടപ്പെട്ട പ്രസരിപ്പും ഉന്മേഷവും തിരിച്ചുവന്ന സന്തോഷം ശരണ്യയുടെ മാതാവ് ഗീതയും പങ്കുവെച്ചിരുന്നു. തിരികെ സീരിയലിലേക്ക് മടങ്ങിയെത്തുന്ന സ്വപ്നവും ശരണ്യ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് ശരണ്യയുടെ പിതാവ് ശശി മരിച്ചത്. ചെമ്പഴന്തി ഗുരുകുലത്തിനു സമീപത്തെ, സ്നേഹംകൊണ്ടുപണിത ഈ വീട്ടിലേക്ക് ശരണ്യ അവസാന യാത്രക്ക് തയാറെടുക്കുമ്പോള്‍ സൗഹൃദ മനസ്സ് വേർപാടിെൻറ വേദനയിൽ നീറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.