തിരുവനന്തപുരം: മുഖ്യമന്ത്രിയെയും പാർട്ടിയെയും വിമർശിച്ചയാളെ സ്ഥാനാർഥിയാക്കിയതിനെ നയപരമായി ന്യായീകരിച്ചും കാലുമാറ്റത്തെ രാഷ്ടീയമായി വിശദീകരിച്ചും സി.പി.എം. മുഖ്യമന്ത്രിയെ വിമർശിച്ചയാളെ എങ്ങനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുമെന്ന വാർത്തസമ്മേളനത്തിലെ ചോദ്യത്തോട്, സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പാർട്ടി പ്രവർത്തകരാണ് ഏറ്റെടുത്തതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍റെ മറുപടി. കേരളത്തിൽ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചവരിൽ ആരാണ് ഇടതുമായി ചേർന്ന് പ്രവർത്തിക്കാത്തതെന്ന മറുചോദ്യവും. കെ. കരുണാകരനും എ.കെ. ആന്‍റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയുമെല്ലാം സി.പി.എമ്മിനോട് യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇവരെല്ലാം അതിനു മുമ്പും ശേഷവും സി.പി.എമ്മിനെ വിമർശിച്ചവരാണ്. രാഷ്ട്രീയ നിലപാടിന്‍റെ അടിസ്ഥാനത്തിൽ ആളുകളെ ഉൾക്കൊള്ളുകയും പുറന്തള്ളകയും ചെയ്യും. ഓരോ കാലത്തെയും രാഷ്ട്രീയത്തെ അഭിമുഖീകരിക്കാൻ പുരോഗന നിലപാട് സ്വീകരിക്കുന്നവരുമായി ഇണങ്ങിയും പിണങ്ങിയുമാണ് മുന്നണി മുന്നോട്ടുപോയിട്ടുള്ളത്.
കാലുമാറി വരുന്നവരെയാണ് സ്ഥാനാർഥികളാക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ കാല് എങ്ങനെ മാറി എന്നതാണ് ചിന്തിക്കേണ്ടതെന്നാരുന്നു പ്രതികരണം. രാഷ്ട്രീയ കാരണങ്ങളാലാണ് സരിൻ കാലുമാറിയത്. ഇത്തരം രാഷ്ട്രീയ നിലപാട് സ്വീകരിച്ചയാളുകളെ ഉൾക്കൊള്ളുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ ചുമതല. കമ്യൂണിസ്റ്റുകാരും സ്വതന്ത്രരും ചേർന്നതായിരുന്നു കേരളത്തിലെ ആദ്യ സർക്കാർ. മുണ്ടശ്ശേരിയെ മന്ത്രിയാക്കിയ പാരമ്പര്യമുണ്ട്. ടി.കെ. ഹംസ മുതൽ നിരവധി പേർ പിന്നീട് ഇത്തരത്തിലെത്തി. ഇവരെല്ലാം പാർട്ടിക്കും പ്രസ്ഥാനത്തിനും മുതൽക്കൂട്ടായി.
ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ജയിക്കുമെന്ന പരാമശത്തെകുറിച്ച് ഓർമിപ്പിച്ചപ്പോൾ മത്സരിക്കുന്ന ഘട്ടങ്ങളിലെല്ലാം എല്ലാ സീറ്റിലും ജയിക്കുമെന്നാണ് തങ്ങൾ പറയാറുള്ളത്. ഇപ്പോൾ മൂന്ന് സീറ്റിലും ജയിക്കുമെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി. സരിനെ സ്ഥാനാർഥിയാക്കിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യു.ഡി.എഫ്. അധികാരമോഹിയും അവസരവാദിയുമായ ഒരാളെ സ്ഥാനാർഥിയാക്കിയ നടപടി പാലക്കാട് ബി.ജെ.പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
സരിൻ വന്നതോടെ സി.പി.എം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണ്. സി.പി.എമ്മിന്‍റേത് അടവ് നയമല്ല, അടിയറവാണ്. ദുര്‍ബലനായ ഒരാളെ സ്ഥാനാർഥിയാക്കിയതുവഴി മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി. സിപിഎമ്മില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണോ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയയാളെ സ്ഥാനാർഥിയാക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.