മരണക്കയത്തിലേക്ക് മുങ്ങുകയായിരുന്ന ആത്മമിത്രങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി കടലാഴങ്ങളിൽ പൊലിഞ്ഞ മുഹമ്മദ് മുഹ്സിന്റെ ജീവത്യാഗം ഇനി എക്കാലവും ജ്വലിച്ച് നിൽക്കും. സ്വജീവൻ ബലിയർപ്പിച്ച് മൂന്ന് കൂട്ടുകാരെ ജീവിതത്തിലേക്ക് ഉയർത്തിയ ആ കൗമാരക്കാരന്‍റെ രക്തസാക്ഷ്യത്തിനിതാ രാജ്യത്തിന്‍റെ പരമോന്നത ആദരവ്. സിവിലിയൻ പുരസ്കാരങ്ങളുടെ സ്ഥാനപട്ടികയിൽ പത്മശ്രീക്ക് തൊട്ടുതാഴെയുള്ള സർവോത്തം ജീവൻ രക്ഷാപതക് പുരസ്കാരത്തിനാണ് മുഹ്സിൻ അർഹനായിരിക്കുന്നത്. 2020ൽ ഈ പുരസ്കാരത്തിന് അർഹനായത് മുഹ്സിൻ മാത്രം. പ്രിയപ്പെട്ടവന്റെ അകാലത്തിലുള്ള വേർപാടിന്‍റെ തീരാവേദനയിൽ കഴിയുന്ന കുടുംബത്തിന് ഇനി അഭിമാനിക്കാം- ഇനിയവൻ ഈ നാടിന്‍റെ പുത്രനാണ്.
'എനിക്കും സഹോദരങ്ങൾക്കുമായി തറവാട്ടിൽ 8 പെൺമക്കളാണുള്ളത്. അവരുടെ ഏക ആങ്ങളായിരുന്നു അവൻ. അന്ന് ആ തിരയിൽ പൊലിഞ്ഞത് ഞങ്ങളുടെ പ്രതീക്ഷയായിരുന്നു. കണ്ടു കൊതിതീരും മുമ്പ് ഞങ്ങളെ അവൻ വിട്ടു പോയത് മൂന്നു പേർക്ക് ജീവൻ നൽകിയാണെന്ന് ഓർക്കുമ്പോൾ അഭിമാനമുണ്ട്.'
മുസ്തഫ ഇയ്യച്ചേരിയുടെ വിറയാർന്ന വാക്കുകളിൽ അഭിമാനത്തിൻറെ വെള്ളിവെളിച്ചം മിന്നിമറയുന്നുണ്ടായിരുന്നു. 2019 ഏപ്രിൽ 25ന് വൈകീട്ട് 5.45 ഓടെയാണ് കോടിക്കൽ ബീച്ചിൽ കൂട്ടുകാരെ രക്ഷിക്കുന്നതിനിടെയാണ് 16കാരൻ മുഹമ്മദ് മുഹ്സിൻ മുങ്ങി മരിച്ചത്.
അലമുറയിട്ടു ആർത്തിരമ്പിയെത്തിയ തിരമാലകളുടെ പിടിയിൽ നിന്ന് മൂന്നുകൂട്ടുകാരെ ജീവൻ നൽകി രക്ഷിച്ചാണ് അവൻ ലോകത്തോട് വിടപറഞ്ഞത്. തിക്കോടി പാലൂർ മിൻഹാസിൽ മുഹ്സിെൻറ ധീര പ്രവൃത്തിക്ക് മരണാനന്തര ബഹുമതി നൽകിയാണ് രാജ്യം ആദരിച്ചത്.
എെൻറ 'ജീവനായ' കൂട്ടുകാർ
മധ്യവേനലവധിക്ക് സ്കൂൾ അടച്ച സമയം. അന്ന് ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടെയാണ് ആ വർത്ത യാദൃശ്ചികമായി മുഹ്സിൻ കാണുന്നത്. കടൽ പ്രക്ഷുബ്ദമാണെന്നും കടലിൽ പോകുന്നവരും തീരത്തുള്ളവരും ജാഗ്രതപാലിക്കണമെന്നുമായിരുന്നു നിർദ്ദേശം.
പെട്ടെന്നാണ് കുറച്ചു ദിവസം മുമ്പ് കോടിക്കൽ തയ്യിൽ താഴ തീരത്ത് കളിക്കാൻ പോകണമെന്ന് കൂട്ടുകാരായ റാഹിബ്, റാഹിൽ, നിഹാൽ എന്നിവർ പറഞ്ഞത് മുഹ്സിന് ഓർമ്മ വന്നത്. ഇടക്ക് അവധി ദിനം അവർ കുളിക്കാൻ പോകാറുള്ള സ്ഥലമായിരുന്നു അത്. മുന്നറിയിപ്പ് ടിവിയിൽ മിന്നായം പോലെ കണ്ട മുഹ്സിൻ ഉമ്മയോട് കുട്ടുകാരുടെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് അങ്ങോട്ട് കുതിച്ചു.
അവരെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതായതോടെ അവൻ ആകെ അസ്വസ്ഥനായിരുന്നു. കാരണം മുന്നറിയിപ്പ് കൂട്ടുകാർ അറിഞ്ഞില്ലെന്ന് മുഹ്സിന് ഉറപ്പായിരുന്നു. അവൻ തീരത്ത് എത്തിയപ്പോഴേക്കും കൂട്ടുകാർ കടലിൽ ഇറങ്ങി കുളി തുടങ്ങിയിരുന്നു. അവൻ അപകട സൂചന കരയിൽ നിന്ന് വിളിച്ചു പറഞ്ഞെങ്കിലും ആർത്തലക്കുന്ന തിരയിൽ അവർ അത് കേട്ടതേയില്ലായിരുന്നു.
കരക്കുണ്ടായിരുന്നു മറ്റൊരു കൂട്ടുകാരൻ ഷഹീദിൻറെ കൂടെ അവരെയും നോക്കി മുഹ്സിൻ കരയിൽ തന്നെ നിന്നു. പെട്ടെന്നാണ് ഭീമാകാരനായ തീരമാല തീരത്തേക്ക് ആഞ്ഞടിച്ചു കയറിയത്. ഞെട്ടലോടെ കുട്ടുകാർ കുളിക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോൾ നിഹാലിനെയും റിഹാലിനെയും കണ്ടില്ല.... റാഹിബാവട്ടെ കുറേയേറെ അകലേക്ക് തിരയിൽപ്പെട്ട് മുങ്ങിത്താഴുന്നു. ഉടൻ വസ്ത്രം അഴിച്ച് ഷഹീദിനെ എൽപ്പിച്ച് മുഹ്സിൻ കടലിലേക്ക് ചാടി.
ഹൃദയം പിളർത്തിയ കടൽ
തീരത്ത് പാറക്കെട്ടുള്ള ഭാഗത്താണ് അവർ കുളിച്ചിരുന്നത്. ശക്തികൂടിയ തിരമാല ആസമയം ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ആദ്യം പാറക്കെട്ടിനടുത്തേക്ക് നീന്തിയെത്തിയ മുഹ്സിൻ സഹായത്തിനായി കൈകൾ ഉയർത്തുന്ന റാഹിലിനെയും നിഹാലിനെയുമാണ് കണ്ടത്. തിരമാലയെ അവഗണിച്ച് അവൻ മൂർച്ചയേറിയ ആ പാറക്കെട്ടിലേക്ക് എടുത്തുചാടി ഏറെ പണിപ്പെട്ടാണ് ഇരുവരെയും രക്ഷിച്ച് കരക്കെത്തിച്ചത്.
പിന്നീട് തിരമാലയിൽപ്പെട്ട് കാണാതായ റാഹിബിനെ തേടിയിറങ്ങി. തെരച്ചിലിനിടെ അങ്ങകലെ മുങ്ങിത്താഴുന്ന റാഹിബിനെ കണ്ടതോടെ തളർന്നിട്ടും സർവ്വ ശക്തിയും എടുത്ത് നീന്തി അവനരികിലെത്തി. അവശനായ മുഹ്സിൻ അവനെയും താങ്ങിപ്പിടിച്ച് ശക്തിയേറിയ തിരമാലയെ അതിജീവിച്ച് നീന്താൻ ശ്രമിച്ചെങ്കിലും തളർന്നിരുന്നു.
ആ സമയം സഹായത്തിനായി കരയിൽ കാഴ്ചക്കാരായി നിന്നവരോട് ഒരു കൈയ്യുർത്തി യാചിച്ചെങ്കിലും ആരുടെയും മനസ്സലിഞ്ഞില്ലായിരുന്നു. മിനിറ്റുകളോളമാണ് മുഹിസിൻ റാഹിലിനെ തിരക്ക് വിട്ടുനൽകാതെ ചേർത്തുപിടിച്ച് നീന്താനാവാതെ നിന്നത്. അപ്പോഴും കരയിൽ 'കാഴ്ചക്കാരുടെ' ആർപ്പുവിളിയുണ്ടായിരുന്നു. ഒടുവിൽ പണിപ്പെട്ട് നീന്തി എങ്ങിനെയോ പാറക്കെട്ടിനടുത്തെത്തി.
ബോധം നഷ്ടപ്പെട്ട നിഹാലിനെ പാറക്കെട്ടിൽ ഇരുത്തുന്നതിനിടെയാണ് ആഞ്ഞടിച്ച തിരമാലയിൽപെട്ട് മുഹ്സിൻ പാറയിൽ നിന്ന് പിടിവിട്ട് തെറിച്ചു വീഴുന്നത്. പിന്നെ ഒരു തവണ മാത്രമേ അവൻറെ കൈകൾ സഹായത്തിനായി പൊങ്ങിയിരുന്നുള്ളൂ. പിന്നെ കൂട്ടുകരും നാട്ടുകരും കണ്ടത് അവൻറെ ജീവനറ്റ ശരീരമായിരുന്നു.
പിറ്റേന്ന് രാവിലെ കടൽ ഉൾവലിഞ്ഞതോടെയാണ് പാറക്കെട്ടുകൾക്കിടയിൽ നിന്ന് മുഹ്സിെൻറ മൃതദേഹം കണ്ടെത്തിയത്. മുഹ്സിനെ കൊണ്ടു പോയിട്ടും കലി തീരാതെ അപ്പോഴും തിരമാലകൾ ആർത്തലക്കുന്നുണ്ടായിരുന്നു.....!
നന്മയുള്ളവൻ
'എൻറെ പേരിലായിരക്കും നിങ്ങൾ നാളെ അറിയപ്പെടുക എന്ന് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നടന്ന കുടുംബ പരിപാടിക്കിടെ മുഹ്സിൻ പറഞ്ഞതായി സഹോദരിമാർ പറഞ്ഞു. ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായിരുന്നു മുഹ്സിൻ.
സ്കൂളിൽ എൻ.എസ്.എസ് യുനിറ്റിൽ ചേരുമ്പോൾ, ഇതിൽ അംഗമാവുന്നതിലൂടെയുള്ള ലക്ഷ്യമെന്ത് എന്നുള്ള അധ്യാപകരുടെ ചോദ്യത്തിന് മറ്റുള്ളവരെ സഹായിക്കാൻ എന്നായിരുന്നു മുഹ്സിന് മറുപടിയുണ്ടായിരുന്നതെന്ന് കൂട്ടുകാർ പറയുന്നു. അധ്യാപകർക്കും പറയാനുള്ളത് നന്മയും സ്നേഹവും സഹായ മനസ്കതയും നിറഞ്ഞ മനസ്സുമുള്ള മുഹ്സിെൻറ മായാത്ത ഓർമ്മകളായിരുന്നു.
ആ ഓർമ്മകളുടെ സ്മാരകമായാണ് സ്കൂളിൽ മുഹ്സിെൻറ ഫോട്ടോ അനാച്ഛാദനം ചെയ്തതും. നീന്താൻ മിടുക്കനായിരുന്നു മുഹ്സിൻ ഉമ്മ നാസിലയുടെ വീടായ നടുവണ്ണൂർ ചീക്കോട് പുഴയിൽ നിന്നാണ് നീന്തം പഠിച്ചത്. ഖത്തറിൽ ഡ്രൈവറായ മുസ്ഥഫ അപകടമറിഞ്ഞ് പിറ്റേദിവസം നാട്ടിലെത്തിയിരുന്നു.
6ാം ക്ലാസ്സുകാരി മിൻഹ ഫാത്തിമയും, 3ാം ക്ലാസ്സുകാരി ആയിശ മെഹ്റിനും സഹോദരിമാരാണ്. ഇരുവരും ഗവ.യു.പി എച്ച് എസ് കോടിക്കൽ വിദ്യാർഥികളാണ്. മുഹ്സിേൻറത് ധീരമായ മരണമാണെന്നും അവന്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാണെന്നും ധീരത പുരസ്കാരം രാജ്യത്തെ ഓരോ കുട്ടികൾക്കും സമർപ്പിക്കുന്നതായും മുസ്ഥഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.