ഉപഗ്രഹ സർവേ: പ്രാഥമിക റിപ്പോർട്ടിലെ ആശയക്കുഴപ്പം പരിഹരിക്കാൻ നിർദേശം

തിരുവനന്തപുരം: കരുതൽ മേഖല വിഷയത്തിൽ ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ തീരുമാനം. സർവേ നമ്പറുകൾ അടക്കം ഉൾപ്പെടുത്തി 2021ൽ വനംവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനംകൂടി പരിശോധിച്ച് വ്യക്തത വരുത്താനാണ് തീരുമാനം. അതത് തദ്ദേശസ്ഥാപനങ്ങൾ അതിനുള്ള നടപടികൾ കൈക്കൊള്ളും.

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെ‍ന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ചില ആശയക്കുഴപ്പങ്ങൾ ഉള്ളത്. കേരളത്തിൽ ഭൂമി സംബന്ധിച്ച് ഡിജിറ്റൽ സർവേ ഡേറ്റ ഇല്ലാത്തതാണ് ഇതിനു കാരണമെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. ഡിജിറ്റൽ സർവേ കേരളത്തിൽ ആരംഭച്ചിട്ടേയുള്ളൂ. ചില വന്യജീവി സങ്കേതങ്ങളിൽ ഒറ്റ സർവേ നമ്പറിൽതന്നെ 200 ഉം 300 ഉം ഏക്കർ ഭൂമി ഉണ്ടാകും. അതിൽ 400 ഉം ചിലയിടങ്ങളിൽ 500 വരെ താമസക്കാരും ഉണ്ടാകും.

അത്തരം പ്രദേശങ്ങളിലാണ് ആശയക്കുഴപ്പമുള്ളത്. 2021ൽ നേരിട്ട് തയാറാക്കിയ വിജ്ഞാപനം കൂടി പരിശോധിച്ച് വ്യക്തതവരുത്താനാണ് നിർദേശം. റിപ്പോർട്ട് അപൂർണവും അശാസ്ത്രീയവു‍മാണെന്നാണ് കരുതൽ മേഖലയിൽ ഉൾപ്പെടുന്ന താമസക്കാരും കർഷക സംഘടനകളും ആരോപിക്കുന്നത്.

കേരളത്തിലെ 22 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചാണ് കെ.എസ്.ആർ.ഇ.സി റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് പുറത്തായതോടെ ജനവാസമേഖലകളിൽ നേരിട്ട് സ്ഥലപരിശോധന (ഫീൽഡ് സർവേ) നടത്തി കൃത്യതയോടെ ജനവാസമേഖലകൾ നിർണയിക്കണ‍മെന്ന ആവശ്യം വീണ്ടും ശക്തമായി.

പ്രാഥമിക റിപ്പോർട്ടിൽ കേരളത്തിൽ പരിസ്ഥിതിലോല മേഖലകളിൽ ഉൾപ്പെടുന്ന 49,330 ജനവാസമേഖലകൾ ഉണ്ടെന്നാണ് പരാമർശം. നേരിട്ടു സ്ഥലപരിശോധന നടത്തിയാൽ ജനവാസമേഖല‍കളുടെ എണ്ണം കുറഞ്ഞത് രണ്ടുലക്ഷം കവിയുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്.

Tags:    
News Summary - Satellite survey: Proposal to resolve confusion in preliminary report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.