മലപ്പുറം: താൻ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാനാണ് സി.ഐ.സി മുൻ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയുടെ ശ്രമമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂർ. ഇതിൽ കൂടുതലൊന്നും ആദൃശേരിയുടെ പ്രസ്താവനയിൽ കാണുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുസ്‌ലിം ലീഗിനെ സംരക്ഷിക്കുന്നതിന് പകരം അതിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള സമസ്തയിലെ ചിലരുടെ ശ്രമം സംഘടനപാരമ്പര്യങ്ങളുടെ ലംഘനമാണെന്ന് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സത്താർ പന്തല്ലൂർ.
ലീഗിനെ സമ്മർദത്തിലാക്കുന്ന നീക്കം സമസ്തയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അങ്ങനെയൊരു ആക്ഷേപം ലീഗിന് പോലുമില്ല. സമസ്തയും ലീഗും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണ് എല്ലാ കാര്യവും തീരുമാനിക്കുന്നത്. ഇരുസംഘടനകൾക്കുമിടയിൽ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. സമസ്ത നേതാക്കൾ പാണക്കാട്ട് പോകുന്നതും ചർച്ച നടത്തുന്നതുമെല്ലാം സാധാരണ കാര്യമാണ്.
വിശ്വാസികളായ സ്ത്രീകൾ പൊതുജനമധ്യേ എങ്ങനെ പ്രവർത്തിക്കണമെന്നത് സംബന്ധിച്ച് പണ്ഡിത കാഴ്ചപ്പാടുണ്ട്. അതാണ് സമസ്ത പിന്തുടരുന്നത്. ഇതര സംഘടനകൾക്കും പാർട്ടികൾക്കും അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കാം. അതിൽ എതിർപ്പോ വിയോജിപ്പോ അറിയിക്കേണ്ട കാര്യം സമസ്തക്കില്ലെന്നും സത്താർ പന്തല്ലൂർ കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.