കരിപ്പൂർ: റൺവേ നവീകരണത്തിെൻറ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നുവർഷം മുമ്പ് നിർത്തിവെച്ച ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസിന് വീണ്ടും അനുമതിയായി. ജിദ്ദ, റിയാദ് സെക്ടറിൽ സർവിസ് ആരംഭിക്കാൻ സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. വിഷയത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഡൽഹിയിൽ വ്യാഴാഴ്ചയുണ്ടാകുെമന്നാണ് സൂചന. സർവിസ് ആരംഭിക്കാൻ ഡി.ജി.സി.എ അനുമതി ലഭിച്ചതായി വിമാനത്താവള അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
341 പേർക്ക് സഞ്ചരിക്കാവുന്ന കോഡ് ‘ഇ’യിലെ ബി 777^200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330^300 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവിസ് നടത്താൻ ‘സൗദിയ’ക്ക് അനുമതി ലഭിച്ചെന്നാണ് വിവരം. ഹജ്ജ് സീസൺ പൂർത്തിയായശേഷം സെപ്റ്റംബർ പകുതിയോടെ സർവിസ് പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ, കരിപ്പൂരിൽനിന്ന് ജിദ്ദ സെക്ടറിൽ നേരിട്ട് സർവിസില്ലാത്തതിന് പരിഹാരമാകും. റിയാദിലേക്കും വലിയ വിമാനങ്ങൾ സർവിസ് ആരംഭിക്കുന്നതോടെ ഇൗ സെക്ടറിലെ യാത്രദുരിതത്തിന് അറുതിയാകും. കൂടാതെ മലബാറിൽനിന്ന് ഹജ്ജ്, ഉംറ സർവിസുകൾ പുനരാരംഭിക്കാനും സാധിക്കും.
സർവിസ് നടത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഡി.ജി.സി.എയിലെ ഫ്ലൈറ്റ് ഒാപറേറ്റിങ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പുതിയ നടത്തിപ്പുക്രമം (ഒാപറേഷനൽ പ്രൊസീജ്യർ), സുരക്ഷ വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സൗദിയ കരിപ്പൂർ വിമാനത്താവള ഡയറക്ടർക്ക് കൈമാറിയിരുന്നു. തുടർന്ന്, ഇവിടെനിന്ന് ഏപ്രിൽ രണ്ടിന് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറി. മൂന്നുമാസം അതോറിറ്റി ആസ്ഥാനത്ത് പിടിച്ചുവെച്ച ഇൗ റിപ്പോർട്ട് ജൂലൈ നാലിനാണ് ഡി.ജി.സി.എക്ക് കൈമാറിയത്.
ജനുവരി രണ്ടിന് വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് അനുകൂലമായി കരിപ്പൂരിൽനിന്ന് 71 പേജുള്ള വിശദ പഠനറിപ്പോർട്ട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചിരുന്നു. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇടത്തരം-വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാൻ നടപടി അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.