കാസർകോട്: കാസർകോട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിൽ വി.ഡി. സവർക്കറും. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡിലാണ് സവർക്കർ ഉൾപ്പെട്ടത്.
ഹിന്ദു മഹാസഭാ നേതാവും ഗാന്ധിയെ കൊലപ്പെടുത്തിയ ഗൂഡാലോചന കേസിൽ പ്രതിയുമായ സവർക്കറെ ഉൾപ്പെടുത്തിയത് വൻവിമർശനത്തിന് ഇടയാക്കി. അബദ്ധം മനസ്സിലായതോടെ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റർ രൂപകൽപന ചെയ്തിടത്ത് പറ്റിയ അബദ്ധമാണെന്നും ഉടൻ തന്നെ നീക്കം ചെയ്തെന്നും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
നേരത്തെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അത്താണിയിൽ സ്ഥാപിച്ച ബോർഡിൽ സവർക്കറുടെ ചിത്രം ഉപയോഗിച്ച സംഭവം വിവാദമായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ‍് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.