ആദരവോടെയല്ലാതെ ഓർക്കാനാവില്ല, സൂക്ഷ്​മതയോടെ ജീവിച്ച മഹദ് വ്യക്തിത്വം -സിദ്ദീഖ്​ ഹസനെ അനുസ്​മരിച്ച്​ മുനവ്വറലി തങ്ങൾ

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ്​ ഹസനെ അനുസ്​മരിച്ച്​ യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ. ജീവിത വിശുദ്ധിയും ലാളിത്യവും മുഖമുദ്രയാക്കി ജീവിതം സൂക്ഷ്മതയോടെ ജീവിച്ച മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു സിദ്ദീഖ് ഹസൻ സാഹിബെന്ന്​ മുനവ്വറലി തങ്ങൾ ഫേസ്​ബുക്കിൽ കുറിച്ചു.

''ആശയപരമായി ഭിന്നതയുള്ളവർക്ക് പോലും അദ്ദേഹത്തെ ആദരവോടെയല്ലാതെ ഓർക്കാനാവില്ല. അത്രമേൽ ഹൃദയത്തിൽ തൊട്ടായിരുന്നു അദ്ദേഹം ബന്ധങ്ങൾ കാത്ത് സൂക്ഷിച്ചിരുന്നത്. ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും നിസ്വാർഥമായി അദ്ദേഹം നിർവ്വഹിച്ചു.ഒരു ജീവിതക്രമമെന്ന നിലയിൽ ഇസ്​ലാമിക സംഹിതകളെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സക്കാത്തിന്‍റെ വിനിയോഗവും ഇസ്ലാമിക സാമ്പത്തിക നിയമങ്ങളും വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ ബോധവത്കരണവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്​ട വിഷയങ്ങളും ചര്യയുമായിരുന്നു. അള്ളാഹു അദ്ദേഹത്തിന്റെ നല്ല പ്രവർത്തനങ്ങൾ സ്വീകരിക്കയും മഗ്ഫിറത്ത് തൽകുകയും ചെയ്യുമാറാവട്ടെ. ആമീൻ'' -മുനവ്വറലി തങ്ങൾ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.