എസ്.സി ഫണ്ട്: 17 പദ്ധതികളിൽ ചെലവഴിച്ചത് 5.5 ശതമാനം മാത്രം

കൊച്ചി : പട്ടികജാതി വിഭാഗത്തിന് 2019-20 കാലത്ത് 17 പദ്ധതികൾക്ക് അനുവദിച്ച തുകയിൽ ചെലവഴിച്ചത് 5.4 ശതമാനമെന്ന് എ.ജി റിപ്പോർട്ട്. സംസ്ഥാനം 2019-20ൽ 17 പദ്ധതികൾക്ക് ആകെ അനുവദിച്ചത് 708 കോടിയാണ്. എന്നാൽ ചെലവഴിച്ചത് 39.56 കോടി മാത്രമെന്ന് പട്ടികജാതി വകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. 2021 ജനുവരി 31 വരെയുളള കണക്കാണ് എ.ജി പരിശോധിച്ചത്.

* എസ്.സി.‌പി- കോർപസ് ഫണ്ടായി (ക്രിട്ടിക്കൽ ഗ്യാപ് ഫില്ലിങ് ) ബജറ്റിൽ അനുവദിച്ചത് 100 കോടി. ചലവഴിച്ചതാകട്ടെ 11.69 കോടി

* പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകാൻ നീക്കിവെച്ചത് 75 കോടി. ചെലവഴിച്ചതാകട്ടെ 15.30കോടി

* അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക്​ നീക്കിവെച്ചത് 100 കോടി. ചെലവഴിച്ചത് 11.26 കോടി

* പുതിയ എം‌.ആർ‌.എസിനും ഹോസ്റ്റലുകൾക്കുമായി കെട്ടിട നിർമ്മാണത്തിന് സ്ഥലം വാങ്ങുന്ന പദ്ധതിക്ക് നീക്കിവെച്ചത് 25 കോടി. ചെലവഴിച്ചത് -1.30 കോടി (ശതമാനം 5.20)

* എസ്.സി.‌പിക്ക് കീഴിലുള്ള പൂൾഡ് ഫണ്ടായി (മറ്റ് വകുപ്പുകൾ നിർദേശിക്കുന്ന പ്രത്യേക പദ്ധതികൾ) ഒരു കോടി, ഓഹരി മൂലധന സംഭാവന-എന്ന നിലയിൽ സംസ്ഥാന എസ്‌.സി-എസ്.ടി വികസന കോർപ്പറേഷന് രണ്ട് കോടി, പട്ടികജാതി വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിന് അനനുവദിച്ചത് അഞ്ച് കോടി, ലൈഫ് മിഷനു കീഴിലുള്ള ഭവനരഹിതരായ പട്ടികജാതിക്കാർക്കുള്ള ഭവന പദ്ധതിക്ക് നീക്കിവെച്ച 400 കോടി എന്നിവയിൽ നയാ പൈസപോലും ചെലവഴിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഇതേ വർഷം കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത ഒമ്പത് പദ്ധതികൾക്കായി സംസ്ഥാനത്തിന് 25.88 കോടി അനുവദിച്ചിരുന്നു. അതിൽ 50.12 ലക്ഷമാണ് സംസ്ഥാനം ചെലവഴിച്ചത്. സാമ്പത്തിക- സാമൂഹികരംഗത്ത് പട്ടികജാതി സമൂഹത്തിൻെറ പിന്നാക്കവസ്ഥ കുറക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുൻ മന്ത്രി എ.കെ ബാലൻ ആവർത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. പട്ടിജാതി വകുപ്പിലെ കെടുകാര്യസ്ഥത വ്യക്തമാക്കുകയാണ് റിപ്പോർട്ട്.

* ആൺകുട്ടികളുടെ ഹോസ്റ്റലിൻെറ നിർമ്മാണത്തിന് അനുവദിച്ചത് 27.50 കോടി. ചെലവഴിച്ചത് 49 ലക്ഷം.

* അശുദ്ധമായ തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ കുട്ടികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ്

50 ലക്ഷം അനുവദിച്ചതൽ 11.52 ലക്ഷം ചെലവഴിച്ചു.

* പട്ടികജാതി വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി 20 ലക്ഷം, ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് 22 കോടി, സഫാരി കർമാചാരിസ്, തോട്ടിപ്പണിക്കാർ, അവരുടെ ആശ്രിതർ എന്നിവയുടെ ഉന്നമനത്തിനായി 50 ലക്ഷം, എസ്‌.സി- ക്രെഡിറ്റ് മെച്ചപ്പെടുത്തൽ ഗ്യാരണ്ടി സ്കീം ഒരു ലക്ഷം, പ്രധാനമന്ത്രി ആദർശ് ഗ്രാമ യോജനയുടെ 15 ലക്ഷം,സന്നദ്ധ സംഘടനകൾക്കുള്ള സഹായം ഒരു ലക്ഷം, എസ്‌.സി- വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഒരു ലക്ഷം എന്നിവയിൽ ഒരുപൈസ ചെലവഴിച്ചിട്ടില്ലെന്നും കണ്ടെത്തി.

സംസ്ഥാനത്തെ പട്ടികജാതി-വർഗക്കാരുടെ ഉന്നമനത്തിനായി എസ്‌സി-എസ്ടി വികസന വകുപ്പ് വഴിയാണ്​ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ഓരോ സാമ്പത്തിക വർഷത്തിലും ഈ പദ്ധതികൾക്കായി ഗണ്യമായ ഫണ്ട് നീക്കിവച്ചിട്ടുണ്ട്. എസ്.സി, എസ്.ടി വകുപ്പുകളിൽ 2019-20 കാലയളവിൽ പദ്ധതികളുടെ വിനിയോഗത്തിൻെറ സൂക്ഷ്മപരിശോധനയാണ് എ.ജി നടത്തിയത്. ചില പദ്ധതികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പലതും മന്ദഗതിയിലാണെന്നും കണ്ടെത്തി.

Tags:    
News Summary - SC Fund: Only 5.5 per cent was spent on 17 projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.