തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്‍റെ ഷെഡ്യൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്ത്. ബജറ്റ് ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ബജറ്റിന്‍റെ പൊതുചർച്ച അഞ്ച് മുതൽ ഏഴ് വരെയുള്ള തീയതിയിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗവർണറുടെ നയപ്രഖ്യാപനത്തേിന് ശേഷം ചേരുന്ന നിയമസഭ കാര്യോപദേശക സമിതിയുടെ യോഗമാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.
കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി അഞ്ചിനാണ് കാസർകോട് നിന്ന് ആരംഭിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥ ഫെബ്രുവരി 25നാണ് തിരുവനന്തപുരത്ത് അവസാനിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ 10 -ാം സമ്മേളനത്തിന്‍റെ തീയതി ഇന്നലെയാണ് സ്പീക്കർ പ്രഖ്യാപിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക. രണ്ടു ഘട്ടമായി മാർച്ച് 27 വരെ നീളുന്ന രീതിയിൽ സമ്പൂർണ ബജറ്റ് സമ്മേളനമാണു ചേരുന്നത്.
25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ ഫെബ്രുവരി 14 വരെയായിരിക്കും സഭ സമ്മേളിക്കുക. 12 ദിവസത്തെ ഇടവേളക്ക് ശേഷം ഫെബ്രുവരി 26ന് വീണ്ടും ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ നേരത്തേ പിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.