തൃശൂർ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഭക്ഷണം പാകംചെയ്യുന്നതിന് കറിവേപ്പില പോലും ഇനി നേരിട്ട് പണം നൽകി വാങ്ങാനാവില്ല. പദ്ധതിക്കായി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നൽകുന്ന ഫണ്ട് ചെലവിടുന്നതിന് ഡിജിറ്റൽ പണമിടപാടുമായി സർക്കാർ രംഗത്ത്.
നേരിട്ടുള്ള പണം ഇടപാട് ഒഴിവാക്കി പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന ഫണ്ട് നിരീക്ഷിക്കാനാണ് പുതിയ സംവിധാനം വരുന്നത്. പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ആവിഷ്കരിച്ച പദ്ധതിയാണ് കേരളത്തിലും നടപ്പാക്കുന്നത്. ഈ സംവിധാനത്തിൽ ഫണ്ട് പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാണ് ചെലവഴിക്കേണ്ടത്. അധ്യാപകർക്ക് ബാധ്യത ഒഴിവാക്കാനാണ് സംവിധാനം ഒരുക്കുന്നതെന്നാണ് സർക്കാർ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട ദുർവിനിയോഗം ഇല്ലാതാക്കുക കൂടി ലക്ഷ്യമാണ്.
കേന്ദ്ര സർക്കാറിന്റെ 60 ശതമാനവും സംസ്ഥാന സർക്കാറിന്റെ 40 ശതമാനവും വിഹിതമാണ് കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് ഡി.പി.ഐ മുഖേനയാണ് സ്കൂളുകൾക്ക് ഫണ്ട് നൽകുന്നത്. കനറ ബാങ്കുമായി സഹകരിച്ച് തുടങ്ങുന്ന പുതിയ സംവിധാനത്തിന് സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയിലെ പദ്ധതി ചുമതലയുള്ള അധ്യാപകനും പ്രധാനാധ്യാപകനും നേതൃത്വം നൽകും.
മുട്ട, പാൽ, പച്ചക്കറി, അരി, ധാന്യങ്ങൾ, പാചകവാതക സിലിണ്ടർ എന്നിവ വാങ്ങാനും ഇവ എത്തിക്കാനുമുള്ള ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് മുഖേനയാണ് നൽകേണ്ടത്. പാചകത്തൊഴിലാളികളുടെ വേതനവും അക്കൗണ്ടുകളിൽ നൽകും. ഇതിനായി പ്രധാനാധ്യാപകൻ കനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങണം. ഡി.പി.ഐയിൽനിന്ന് കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പ്രതിമാസം ചെലവിടേണ്ട പരിധി നിശ്ചയിച്ചുള്ള തുക അക്കൗണ്ടിലേക്ക് നൽകും. പരിധിക്ക് അനുസരിച്ച തുക മാത്രമേ പ്രധാനാധ്യാപകന് പ്രതിമാസം പിൻവലിക്കാനാവൂ. ഫെബ്രുവരി മുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറണം എന്നാണ് നേരത്തേ നൽകിയ നിർദേശം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനാൽ മാർച്ചോടെയാണ് സമ്പൂർണമായി നടപ്പാക്കുക. ഒന്നു മുതൽ 150 വരെ കുട്ടികൾക്ക് ഒരാൾക്ക് പ്രതിദിനം എട്ടു രൂപയും 151 മുതൽ 500 വരെ ഏഴും 501ന് മുകളിൽ ആറു രൂപയുമാണ്. ഇക്കാര്യം ഡി.പി.ഐ സർക്കാറിനെ അറിയിച്ചെങ്കിലും സർക്കാറിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.