തിരുവനന്തപുരം: ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾബാധിത പ്രദേശങ്ങളിലേക്ക് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. അതീവ പരിസ്ഥിതിലോല മേഖലയായ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിലേക്ക് നയിച്ച കാരണങ്ങളും മുൻ പഠന റിപ്പോർട്ടുകളും മാധവ് ഗാഡ്ഗിലിന്‍റെ മുന്നറിയിപ്പുകളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് മേപ്പാടിയിലേക്ക് ശാസ്ത്രജ്ഞരെ വിലക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം ചർച്ചകൾ ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് ശാസ്ത്രസമൂഹത്തിൽനിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്.
സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീല്‍ഡ് വിസിറ്റിനോ പോകരുതെന്നാണ് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീറിന് അയച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.
ദുരന്തബാധിത മേഖലയിൽ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. സംസ്ഥാന സർക്കാറിനു കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രഫ. സുധീറാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.