മലപ്പുറം: വേങ്ങര മണ്ഡലത്തിൽനിന്ന് എസ്.ഡി.പി.ഐക്ക് വേണ്ടി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച അഡ്വ. സാദിഖ് നടുത്തൊടി പിന്മാറുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വതന്ത്രനായി മത്സരിക്കുന്ന കെ.പി. സബാഹിന്‍റെ വിജയം ഉറപ്പിക്കാനാണ് പിന്മാറുന്നത്.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ തന്നെ പൊതുസ്ഥാനാർത്ഥി വന്നാൽ പിന്മാറുമെന്ന നിലപാട് പാർട്ടിയെടുത്തിരുന്നു. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കുന്നതിൽ അതൃപ്‌തിയുള്ള യു.ഡി.എഫ് പ്രവർത്തകരും മുസ്ലിം ലീഗ് നേതാവിനെതിരെ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധമുള്ള എൽ.ഡി.എഫുകാരും നാട്ടിലെ നിഷ്‌പക്ഷ ചിന്താഗതിക്കാരും സബാഹിനെ പിന്തുണക്കുമെന്നാണ് കരുതുന്നത്.
വേങ്ങരയിൽ സ്ഥിരമായ ജനപ്രതിനിധിയുണ്ടാകാനും വികസനത്തിനും സബാഹിനെ പോലെ ഒരാളാണ് വിജയിച്ച് വരേണ്ടത്. അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ വോട്ടർമാർ ശക്തമായി തന്നെ പ്രതികരിക്കും.
സംഘ്പരിവാറിന്‍റെ ന്യൂനപക്ഷ - ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാൻ തനിക്ക് സാധിക്കുമെന്നവകാശപ്പെട്ടാണ് അദ്ദേഹം വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച് പാർലമെന്‍റിലേക്ക് പോയത്. ആ ദൗത്യം പാതിവഴിയിലുപേക്ഷിച്ച് വീണ്ടും നിയമസഭാ സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി കടുത്ത ജനവഞ്ചനയാണ് ചെയ്യുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തവരെ ഇത്രയധികം പരിഹസിക്കുന്ന നിലപാട് മറ്റൊരു നേതാവിൽനിന്നും മുമ്പുണ്ടായിട്ടില്ല. ഇത്തരം അധികാരക്കൊതിയന്മാരെ പാഠം പഠിപ്പിക്കാൻ ജനൺ ഒറ്റക്കെട്ടാകേണ്ടതുണ്ട് - എസ്.ഡി.പി.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.