തിരുവനന്തപുരം: ഗുഡ്സ് ട്രെയിനുകളുടെ പാളം തെറ്റൽ ആവർത്തിക്കുമ്പോഴും ചരക്ക് വാഗണുകളുടെ സുരക്ഷ പരിശോധനക്കും ക്ഷമത ഉറപ്പുവരുത്താനും മതിയായ സംവിധാനങ്ങളില്ല. രണ്ടാഴ്ചക്കിടെ, രണ്ടാമത്തെ ട്രെയിൻ അപകടത്തിനാണ് സംസ്ഥാനം സാക്ഷിയായത്. യാത്ര ട്രെയിനുകളുടെ സുരക്ഷക്ക് നൽകുന്ന പ്രാധാന്യം ചരക്ക് ട്രെയിനുകൾക്കും നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതും പലപ്പോഴും പാലിക്കുന്നില്ല.
പരിശോധനകൾക്കായി നേരത്തേയുണ്ടായിരുന്ന ട്രെയിൻ എക്സാമിനർ ഡിപ്പോകൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി പലയിടങ്ങളിലും നിർത്തി. യാത്ര ആരംഭിക്കുന്നതിനുമുമ്പ് ട്രെയിൻ എക്സാമിനർ പരിശോധിച്ച് ഉറപ്പുവരുത്തി നൽകുന്ന ബ്രേക്ക് പവർ സർട്ടിഫിക്കറ്റും ഇപ്പോൾ ഗുഡ്സ് ട്രെയിനുകളുടെ കാര്യത്തിൽ നിർബന്ധമല്ല.
തിരുനെൽവേലിക്കും എറണാകുളത്തിനുമിടയിൽ തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളോട് ചേർന്ന് നേരത്തേ ചരക്ക് ട്രെയിനുകൾക്കായി പ്രത്യേക പരിശോധന ഡിപ്പോകൾ പ്രവർത്തിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ പേരിൽ രണ്ടും നിർത്തി. ബ്രേക്ക്, ആക്സിലുകൾ, ചക്രങ്ങൾ എന്നിവയുടെ പ്രവർത്തന ശേഷി, യന്ത്രഭാഗങ്ങളുടെ തേയ്മാനം, ബാലൻസ് ഉറപ്പുവരുത്തുന്ന സ്പ്രിങ് സംവിധാനത്തിന്റെ ക്ഷമത എന്നിവയടക്കം പരിശോധിച്ചാണ് എക്സാമിനർ സുരക്ഷ ഉറപ്പാക്കുന്നത്. നിലവിൽ തിരുനെൽവേലിയിൽനിന്ന് പുറപ്പെടുന്ന ചരക്ക് ട്രെയിനുകൾക്ക് അറ്റകുറ്റപ്പണിയോ പരിശോധനയോ വേണ്ടിവന്നാൽ എറണാകുളത്തെത്തിയ ശേഷമേ സാധിക്കൂ.
ട്രെയിൻ ഓടുന്ന സമയത്തുതന്നെ പരിശോധന നടത്തുന്ന 'റോളിങ് എക്സാമിനേഷനു'കളാണ് ഇപ്പോഴുള്ളത്. മിക്കവാറും സ്റ്റേഷനുകളോട് ചേർന്നാണ് ഇത്തരം പരിശോധന. സ്റ്റേഷനിലെത്തുമ്പോൾ 15-20 കിലോമീറ്റർ വേഗത്തിലാകും ചരക്കുവണ്ടികളുടെ ഓട്ടം. രണ്ടു വശങ്ങളിലും ജീവനക്കാർ നിലയുറപ്പിച്ചാണ് തകരാറുണ്ടോയെന്ന് പരിശോധിക്കുന്നത്.
യാത്ര ട്രെയിനുകളിൽ ബോഗിയിലോ മറ്റോ അസ്വാഭാവിക ശബ്ദമോ ചലനമോ അനുഭവപ്പെട്ടാൽ ശ്രദ്ധയിൽപെടുത്താൻ യാത്രക്കാരുണ്ട്. എന്നാൽ, ഗുഡ്സ് വാഗണുകളിൽ ഇതിന് സംവിധാനമില്ല. യാത്ര ട്രെയിനുകളിൽ ബോഗികൾ സമയബന്ധിമായ അറ്റകുറ്റപ്പണി നടത്തുമെങ്കിലും വാഗണുകളെ പരിഗണിക്കാറില്ല. ആലുവയിലെ ചരക്ക് ട്രെയിൻ അപകടത്തിൽ രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടമാണ് റെയിൽവേ കണക്കാക്കുന്നത്.
കൂടുതൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ചരക്ക് വണ്ടി പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് ആറും അധിക ബസുകൾ സർവിസ് നടത്തി. എറണാകുളത്തുനിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവിസ് നടത്താനും നിർദേശം നൽകി.
കൺട്രോൾ റൂം:
0471-2463799
9447071021
1800 599 4011
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.