ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം -യെച്ചൂരി

കണ്ണൂർ: ബി.ജെ.പിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ - ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും പാർട്ടി കോൺഗ്രസിൽ നടത്തുമെന്നും പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ യെച്ചൂരി പറഞ്ഞു.

മതധ്രുവീകരണമാണ് ബി.ജെ.പി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നത്. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണം. ഇക്കാര്യത്തിൽ കോണ്‍ഗ്രസ്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കണം. വർഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌. വർഗീയതയോടുള്ള വിട്ടുവീഴ്‌ചാ മനോഭാവം കോൺഗ്രസിൽനിന്ന്‌ ബി.ജെ.പിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കും. ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം.

ബി.ജെ.പിയുടെ നയങ്ങൾക്ക്‌ ബദൽ സോഷ്യലിസമാണ്‌. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത്‌. സമൂഹത്തിൽ അവർ കൊണ്ടുവരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന്‌ രാജ്യത്ത്‌ ഇടത്‌ പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ ഘട്ടമാണ്‌.

മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്തൽ സാധ്യമാകൂ. ഫെഡറൽ അവകാശങ്ങളടക്കം ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളേയും കേന്ദ്രം അട്ടിമറിക്കുകയാണ്‌. മൗലികാവകാശങ്ങളിലേക്കുപോലും കടന്നുകയറുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലും സ്വതന്ത്ര്യമായ പ്രവർത്തനം തടസ്സപ്പെടുകയാണ്‌. മോദിയുടെ ഏകാധിപത്യത്തിൽ വർഗീയ കോർപ്പറേറ്റ്‌ സഹകരണമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Secular parties must unite to defeat BJP: Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.