തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ആൾത്താമസമില്ലാത്ത വീട്ടുപറമ്പില്‍നിന്ന് തേങ്ങ എടുക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ തുറന്നുപറച്ചിൽ നടത്തിയ എം. സീന ഉള്‍പ്പെടെ മൂന്നു പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തലശ്ശേരി പാലിശ്ശേരിയിലെ ഭര്‍തൃവീടായ ന്യൂ ഹൗസില്‍ എത്തിയാണ് അന്വേഷണ സംഘം സീനയുടെ മൊഴി രേഖപ്പെടുത്തിയത്.
സ്ഫോടനത്തിൽ മരിച്ച വേലായുധനെ ആംബുലൻസിൽ കൊടുവള്ളി സഹകരണ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരാണ് മറ്റുള്ളവര്‍. സ്ഫോടനം നടന്ന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍നിന്ന് ബോംബ് കണ്ടെടുത്തിതായും വേലായുധന്റെ അയല്‍വാസിയായ സീന സ്ഥലം സന്ദർശിക്കാനെത്തിയ ഷാഫി പറമ്പിലിനോട് വിശദീകരിച്ചിരുന്നു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് എല്ലാവർക്കും വേണ്ടി ഇത് തുറന്നുപറയുന്നതെന്നുമായിരുന്നു സീനയുടെ വെളിപ്പെടുത്തൽ. സീനയുടെ വീടിനും പരിസരപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സീന നടത്തിയ വെളിപ്പെടുത്തല്‍ സി.പി.എം തള്ളി. കേസിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എരഞ്ഞോളി കുടക്കളത്തെയും കതിരൂര്‍ കുണ്ടുചിറയിലെയും സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഉള്‍പ്പോരാണ് ബോംബ് കരുതിവെക്കാന്‍ കാരണമെന്ന ആരോപണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് രണ്ടു സംഘവും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.