കൊച്ചി: സെൽവിന്റെ ഹൃദയം ശനിയാഴ്ച രാവിലെ 10.20ന് സർക്കാർ ഹെലികോപ്ടറിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പറക്കുമ്പോൾ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കായംകുളം സ്വദേശി ഹരിനാരായണന്റെ (16) ജീവനുവേണ്ടി പ്രാർഥനാപൂർണമായ കരുതലിലായിരുന്നു നാട് മുഴുവൻ. 10.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ഹെലികോപ്ടർ 11.10ന് കൊച്ചി ഹയാത്ത് ഹെലിപാഡിൽ പറന്നിറങ്ങി.
കാത്തുനിന്ന ആശുപത്രി ജീവനക്കാർ ഹൃദയമടങ്ങിയ പെട്ടിയുമായി റോഡ്മാർഗം ആശുപത്രിയിലേക്ക് പാഞ്ഞു. പൊലീസ് ഒരുക്കിയ ഗതാഗതനിയന്ത്രണത്തിനിടെ രണ്ടരമിനിറ്റുകൊണ്ട് ആശുപത്രിയിലെത്തിച്ച ഹൃദയം, ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി ഹരിനാരായണനിൽ തുന്നിച്ചേർത്തു.
12.30ന് ഹരി നാരായണനില്‍ സെല്‍വിന്റെ ഹൃദയം മിടിക്കൽ ആരംഭിച്ചിരുന്നു. 3.45നാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി ആണ് ഹരിനാരായണന്റെ രോഗം. മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങളാണ് മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ-സോട്ടോ വഴി ദാനംചെയ്തത്. ഹൃദയമാറ്റ ശസ്ത്രക്രിയക്കുശേഷം വൈകീട്ട് നാലരയോടെ ഹരിനാരായണനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സെൽവിന്റെ ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികൾക്കും നൽകി. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെല്‍വിന്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.