കൈകൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ മനോജ്

കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍

അടിമാലി: റിട്ട. റവന്യു ഇന്‍പെക്ടറായ ഉദ്യോഗസ്ഥയോട് കൈകൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സ് പിടിയിലായി. അടുര്‍ മുണ്ടക്കല്‍ പുതിയവീട്ടില്‍ മനോജ്(45)നെയാണ് തൊടുപുഴ വിജിലന്‍സ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേത്യത്വത്തിലുളള സംഘം പിടികൂടിയത്.

അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്കിന്റെ എ.ടി.എമ്മിന് സമീപത്ത് വെച്ചാണ് മനോജ് പിടിയിലായത്. റിട്ട. റവന്യു ഉദ്യോഗസ്ഥ വി. ജയയുടെ കൈയില്‍നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അടിമാലി വില്ലേജ് ഓഫീസര്‍ ആയിരുന്നപ്പോള്‍ ജയ അടിമാലി 200 എക്കറില്‍ സ്ഥലവും വീടും വാങ്ങിയിരുന്നു. പഞ്ചായത്തില്‍ അടക്കേണ്ട കെട്ടിട നികുതി കുടിശ്ശിക വന്നതോടെ ഇതിന്റെ നമ്പര്‍ റദ്ദാക്കുകയും പഞ്ചായത്ത് കമ്പ്യുട്ടറില്‍നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ജയ കൊല്ലത്താണ് താമസിക്കുന്നത്. തന്റെ വീട്ട് നമ്പര്‍ തിരികെ ലഭിക്കാന്‍ വേണ്ടി പഞ്ചായത്തില്‍ എത്തിയപ്പോള്‍ ഓവര്‍സിയര്‍ (ഇപ്പോള്‍ ബൈസണ്‍വാലി പഞ്ചായത്ത്) സജിന്‍ പണം നല്‍കിയാല്‍ കെട്ടിട നമ്പര്‍ ശരിയാക്കി നല്‍കാമെന്നും സീനിയര്‍ ക്ലര്‍ക്ക് മനോജിനെ സമീപിച്ചാല്‍ മതിയെന്നും അറിയിച്ചു.

2500 രൂപ ഈ സമയം സജിന്‍ കൈപ്പറ്റി. പിന്നീട് മനോജിനെ സമീപിച്ചപ്പോള്‍ പഴയ നമ്പര്‍ കിട്ടുക പ്രയാസമാണെന്നും പുതിയ നമ്പര്‍ ശരിയാക്കി തരാമെന്ന് പറഞ്ഞു. ഇതിന് 25000 രൂപ കൈകൂലിയും മനോജ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ജയ തയാറായില്ല. ഒടുവില്‍ 10,000 രൂപ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന മനോജിന്റെ തീരുമാനം അംഗീകരിച്ചു. പിന്നീട് ജയ കോട്ടയം വിജിലന്‍സ് എസ്.പി. വിനോദ് കുമാറിനെ സമീപിച്ചു. എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴ വിജിലന്‍സ് വിഭാഗം അടയാളപ്പെടുത്തി നല്‍കിയ 8000 രൂപ തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ കാനറാ ബാങ്ക് എ.ടി.എം കൗണ്ടറിന് മുന്നില്‍ വെച്ച് മനോജ് വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

സജിനെ പിടികൂടാന്‍ വിജിലന്‍സ് ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. സജിനെയും പ്രതിയാക്കിയാണ് കേസ് എടുത്തതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. അടിമാലി പഞ്ചായത്തിനെതിരെ നിരവധി ആക്ഷേപങ്ങളിൽ വിജിലന്‍സ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൈകൂലി വാങ്ങിയ കേസില്‍ ഉദ്യോഗസ്ഥന്‍ പിടിയിലായത്. മനോജിനെ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്ത സംഘത്തില്‍ സി.ഐമാരായ മഹേഷ്, ടിപ്‌സണ്‍, എസ്.ഐമാരായ സ്റ്റാന്‍ലി, സന്തോഷ്, സജയ്, എ.എസ്.ഐമാരായ ബേസില്‍, ബിജുവര്‍ഗ്ഗീസ്, ഷാജികുമാര്‍, സി.പി.ഒമാരായ സന്ദീപ് ദത്തന്‍മഹേഷ് ഷിജു, ശ്യാംകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Senior Clerk of Adimali Panchayat caught by vigilance while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.