തിരുവനന്തപുരം: താലൂക്കടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന അദാലത്തുകളിലേക്ക് അപേക്ഷ സമർപ്പിക്കാനും ‘യൂസർ ഫീസ്’ നിശ്ചയിച്ച് സർക്കാർ. സർക്കാർ സംവിധാനങ്ങളുടെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ആവശ്യങ്ങൾ നിവർത്തിച്ച് കിട്ടാൻ നടത്തുന്ന അദാലത്തുകളിലേക്ക് അക്ഷയ സെന്ററുകൾ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് യൂസർ ഫീസ് നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
ക്ഷേമ പെൻഷനും റേഷൻ കാർഡും കൃഷിനാശവുമടക്കം സാധാരണക്കാരെ ബാധിക്കുന്ന 28 ഓളം വിഷയങ്ങളിൽ നടക്കുന്ന അദാലത്തിനാണ് അപേക്ഷരിൽനിന്ന് പണം പിരിക്കാനുള്ള തീരുമാനം. ഐ.ടി വകുപ്പ് ഇറക്കിയ ഉത്തരവനുസരിച്ച് ഓരോ അപേക്ഷക്കും 20 രൂപയാണ് സർവിസ് ചാർജ്. അപേക്ഷക്കൊപ്പം നൽകേണ്ട അനുബന്ധ രേഖകൾ സ്കാൻ ചെയ്യാൻ പേജൊന്നിന് മൂന്ന് രൂപ വീതവും പ്രിന്റ് എടുക്കാൻ മൂന്ന് രൂപയും നൽകണം. പൊതുജനങ്ങൾക്ക് നേരിട്ടും ഓൺലൈനായും പരാതികൾ സമർപ്പിക്കാമെന്നും ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഓൺലൈൻ സംവിധാനമൊരുക്കുന്നതിൽനിന്ന് പിന്മാറിയ സർക്കാർ അക്ഷയ വഴി പണമടച്ച് അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു.
അപേക്ഷകർ സാധാരണക്കാരാണെന്നതിനാൽ അക്ഷയകേന്ദ്രങ്ങളെ സമീപിക്കലേ നിവൃത്തിയുള്ളൂ. അപേക്ഷ നടപടികൾ വഴി അക്ഷയ കേന്ദ്രങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി അക്ഷയ ഡയറക്ടർ മാർച്ച് 17ന് സർക്കാറിന് കത്ത് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സർവിസ് ചാർജടക്കം നിശ്ചയിച്ച് ഉത്തരവിറക്കിയത്. അദാലത്തിലേക്ക് പരിഗണിക്കേണ്ട പരാതികൾ ഓഫിസുകളിൽ നേരിട്ട് നൽകാമെങ്കിലും തുടർച്ചയായി വരുന്ന അവധിയും തിരക്കും ഏറെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സർക്കാറിന്റെ ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിന് 30 രൂപ വീതം ഫീസ് ഈടാക്കി ഉത്തരവിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മേയ് മാസങ്ങളിലാണ് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത് നടക്കുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, തരംമാറ്റം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം), സർട്ടിഫിക്കറ്റുകൾ-ലൈസൻസുകൾ എന്നിവ നൽകുന്നതിലെ കാലതാമസം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, പ്രകൃതി ദുരന്ത നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിലാണ് അദാലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.