കാസർകോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ സംസ്ഥാനത്തെ അന്വേഷണരീതി ഇപ്പോഴും പ്രതികളെ സഹായിക്കുന്ന വിധത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ മാർഗരേഖ പാലിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിക്കുന്നതായി ആഗസ്റ്റ് 25ന് അയച്ച സർക്കുലറിൽ ഡി.ജി.പി പറയുന്നു. 2014 ഏപ്രിൽ 25ന് സുപ്രീം കോടതി പുറത്തിറക്കിയ മാർഗരേഖ അന്വേഷണ ഉദ്യോഗസ്ഥർ കർശനമായി പാലിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗികാതിക്രമം സംസ്ഥാനത്ത് വർധിച്ചുവരുന്നതായി സർക്കുലറിൽ സമ്മതിക്കുന്നു. പത്തനംതിട്ടയിലെ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ (15) അയൽവാസി ബലാത്സംഗം ചെയ്ത സംഭവത്തിൽ കടുത്ത ശിക്ഷ നൽകുന്ന പോക്സോ വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥൻ ചേർത്തില്ല. സെക്ഷൻ ആറ് ചേർക്കുന്നതിനുപകരം അഞ്ചുവർഷം സാധാരണ തടവ് നിർദേശിക്കുന്ന വകുപ്പ് എട്ട് ചേർത്തതിെൻറ പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. തുടർന്നാണ് ഡി.ജി.പി സർക്കുലർ ഇറക്കിയതെന്ന് പറയുന്നു.
ഇത്തരം കേസുകളിൽ ഇരയുടെ പ്രായം, മാനസികാവസ്ഥ എന്നിവ സംബന്ധിച്ച രേഖകൾ കൃത്യവും സത്യസന്ധവുമായിരിക്കണം. ഇതാണ് പോക്സോ കേസിൽ നിർണായകം. ഇരയുടെ മൊഴി വളരെ പെെട്ടന്ന് എടുത്തിരിക്കണം. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരമുള്ള ഇരയുടെ മൊഴി ലഭിച്ച ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. എല്ലാ നടപടിക്രമങ്ങളും അതീവ രഹസ്യമാക്കിവെക്കണം. സാധ്യമെങ്കിൽ ഇരയെ വനിത ജഡ്ജിയുടെ മുന്നിൽ ഹാജരാക്കാനായിരിക്കണം ശ്രമിക്കേണ്ടത്.
കുറ്റപത്രം സമർപ്പിക്കുന്നതിലും മതിയായ രേഖകൾ ഹാജരാക്കുന്നതിലും കാലതാമസം ഉണ്ടാകുന്നതായി ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സർക്കുലറിൽ പറയുന്നുണ്ട്. ഇത് പ്രതികൾ രക്ഷപ്പെടുന്നതിനും സാക്ഷികൾ വഴിമാറുന്നതിനും സഹായകമാവുന്നു. പോക്സോ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇരയുടെ പക്ഷത്ത് നിന്നുകൊണ്ടായിരിക്കണം അന്വേഷണം നടത്തേണ്ടത്. കേസുകളുടെ കാര്യത്തിൽ സ്ത്രീകളുടെ അന്തസ്സും സ്വകാര്യതയും കാത്തുസൂക്ഷിക്കാൻ ശ്രമിക്കണമെന്നും ഡി.ജി.പിയുടെ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.