മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറി -ഷാഫി പറമ്പിൽ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹത്തിന്റെ തന്നെ പഴയ വാക്കുകൾ കടമെടുത്ത് ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി സെക്രട്ടറിയായിരിക്കെ കരിങ്കൊടി വീശുന്നതിനെ ന്യായീകരിച്ച് മുൻപ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയാണ് ഷാഫി ആവർത്തിച്ചത്. ‘കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കൈയിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനൽ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വാക്കുകളാണ്’ - ഷാഫി പറഞ്ഞു.

Full View

നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയൻ സർക്കാരെന്ന് ഷാഫി പറഞ്ഞു. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളത് -അദ്ദേഹം പറഞ്ഞു.

‘‘ആന്തോളൻ ജീവികൾ, അർബൻ നക്സലുകൾ, മാവോയിസ്റ്റുകൾ, തുക്ഡേ തുക്ഡേ ഗ്യാങ്.. ഇതൊക്കെ കേന്ദ്രത്തിൽനിന്നും നരേന്ദ്ര മോദിയിൽനിന്നും ഫാഷിസ്റ്റുകളിൽനിന്നും സംഘപരിവാറിൽനിന്നും നമ്മൾ കേൾക്കുന്ന വാക്കുകളാണ്. കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോൾ ഇവിടെ കേൾക്കുന്ന വാക്കുകളോ... തെക്കുവടക്ക് വിവരദോഷികൾ, തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ, കേരള വികസന വിരുദ്ധർ... ചുരുക്കത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയൻ സർക്കാർ മാറി എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണു വേണ്ടത്? എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാകരുത് ഇരുവരും തമ്മിലുള്ള വ്യത്യാസം’ - ഷാഫി പറഞ്ഞു.

നികുതി വർധനയ്ക്കെതിരെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് ഷാഫിയുടെ കടുത്ത വിമർശനം.

സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ കരിങ്കൊടി വീശുന്നത് പ്രശ്നമായിരുന്നില്ല. ഇപ്പോൾ എല്ലാ സമരങ്ങളോടും സിപിഎമ്മിനു പുച്ഛമാണ്. ജനാധിപത്യ രീതിയിൽ നടത്തുന്ന സമരങ്ങളെ ഇന്നു പുച്ഛിക്കുന്നവർ, മുൻപ് അവർ നടത്തിയ സമരങ്ങളെ റദ്ദ് ചെയ്യുകയാണ്. യുവജന സംഘടനാ പ്രവർത്തകരെന്നു പറയുന്നവർ അൽപം ആത്മനിന്ദയോടെ വേണം ഈ നിലപാടുകൾക്ക് കയ്യടിക്കാനെന്നും ഷാഫി പറഞ്ഞു.

ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ വ്യഗ്രത കാണിക്കുന്നത്. തങ്ങൾക്ക് ആത്മഹത്യാ സ്ക്വാഡോ ആകാശ് തില്ല​ങ്കേരി​യെ പോലുള്ളവരുടെ കില്ലർസ്ക്വാഡോ ഇല്ല. ഇവിടെ നികുതി ഭാരം കൂട്ടി സർക്കാറാണ് ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളുന്നത് -ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - shafi parambil against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.