ഡി.വൈ.എഫ്.ഐയെ പേടിച്ച് യൂത്ത് കോൺഗ്രസ് പൊതുപ്രവർത്തനം നിർത്തില്ല -ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയെ പേടിച്ച് യൂത്ത് കോൺഗ്രസ് പൊതുപ്രവർത്തനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുന്ന ഗുണ്ടാ സംഘങ്ങൾ യൂത്ത് കോൺഗ്രസിനെ ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർക്ക് വേണ്ടി സി.പി.ഐ സംഘടനയായ എ.ഐ.എസ്.എഫ് പറഞ്ഞ പോലുള്ള വാക്ക് പോലും പറയാൻ ഡി.വൈ.എഫ്.ഐക്ക് ത്രാണിയില്ലെന്നും ഷാഫി ആരോപിച്ചു. പി.എസ്.സി ആസ്ഥാനത്തെ യൂത്ത് കോൺഗ്രസിന്‍റെ സമരപന്തലിലേക്ക് ഡി.വൈ.എഫ്.ഐ ആക്രമണം നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ വഞ്ചിച്ച ചെറുപ്പക്കാർക്ക് വേണ്ടിയുള്ള സമരമാണിത്. ഈ സമരത്തിന് നേരെയാണ് അസഹിഷ്ണുത കണ്ടുപിടിച്ച മുഖ്യമന്ത്രിയിൽ നിന്ന് പാഠം പഠിച്ച് ഡി.വൈ.എഫ്.ഐക്കാർ ആക്രമിക്കുന്നത്. ചെറുപ്പക്കാർക്ക് വേണ്ടി സമരം വേണ്ടെന്നാണ് ഡി.വൈ.എഫ്.ഐക്കാരുടെ അക്രമം കൊണ്ട് അർഥമാക്കുന്നത്. യൂത്ത് കോൺഗ്രസിന്‍റെ സമരം പ്രകോപനപരമായിരുന്നില്ല. ഇതിന് മാധ്യമപ്രവർത്തകർ ദൃക്സാക്ഷികളാണ്.

കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. വെഞ്ഞാറമൂട് സംഭവത്തിലെ കുറ്റവാളികൾ ആരായാലും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. കൊലപാതകം ന്യായീകരിക്കുന്നവരുടെ കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് ഇല്ല. വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.