കൽപറ്റ: അധോലോക സിനിമാ കഥ പോലെ വാർത്തകളിലെ പ്രധാന കഥാപാത്രമായ ഷൈബിൻ അഷ്റഫ് പുറമെ ശാന്തസ്വഭാവക്കാരനും മാന്യനുമായിരുന്നുവെന്ന് അദ്ദേഹവുമായി പരിചയമുള്ള രാഷ്ട്രീയ നേതാവ് പറഞ്ഞു. ഗുണ്ട നേതാവുമായി ഷൈബിന് ചങ്ങാത്തം ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ രാഷ്ട്രീയനേതാവ് ഒരിക്കൽ ചോദിച്ചു 'നീ എന്തിനാണ് അത്തരക്കാരുമായി ബന്ധപ്പെടുന്നത്...?' അതിന് മറുപടിയായി 'ആരും മോശക്കാരായി ജനിക്കുന്നില്ല, എല്ലാവരെയും നമുക്ക് നന്നാക്കിയെടുക്കണം' എന്നായിരുന്നു ഷൈബിൻ പറഞ്ഞത്. ബുദ്ധിമാനായ തട്ടിപ്പുകാരനായി കോടികൾ സമ്പാദിക്കുകയായിരുന്നു ഷൈബിൻ.
കൽപറ്റ: മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഷൈബിന്‍റെയും കൂട്ടാളികളുടെയും അധോലോകം എങ്ങനെ വളർന്നു എന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ഊർജിതമാകുമ്പോഴും ദുരൂഹത ഒഴിയുന്നില്ല.
നിലമ്പൂരിലെ വീട്ടിലെ കവർച്ച കേസും കൈപ്പഞ്ചേരിയിൽനിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതും സുൽത്താൻ ബത്തേരിയെ ഒരുകണക്കിന് രക്ഷപ്പെടുത്തിയെന്നാണ് നാട്ടുകാർ കരുതുന്നത്. അല്ലെങ്കിൽ സമീപഭാവിയിൽ മാഫിയകളുടെ താവളമായി നഗരം മാറുമായിരുന്നുവെന്നും അവർ പറയുന്നു. കൈപ്പഞ്ചേരിയിൽ ജലാറ്റിൻസ്റ്റിക്ക് സൂക്ഷിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് വ്യക്തമായിട്ടില്ല. പിടിക്കപ്പെട്ടവരുടെ അധോലോക കഥകൾ പുറത്തുവന്നതോടെ ജലാറ്റിൻ സ്റ്റിക്ക് ഭാവിയിൽ സ്ഫോടന സാധ്യത ഉണ്ടാക്കിയിരുന്നതായി കാണാം. അത് എവിടെ, ആരെയെങ്കിലും ഉദ്ദേശിച്ചാണോ എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടത്.
ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അഷ്റഫിനെയും സുൽത്താൻ ബത്തേരി സ്വദേശികളായ കൈപ്പഞ്ചേരി ശിഹാബുദ്ദീൻ, തങ്ങളത്ത് നൗഷാദ് എന്നിവരെയും അറസ്റ്റ് ചെയ്തതോടെയാണ് ബത്തേരി കേന്ദ്രീകരിച്ച ക്രിമിനൽ സംഘത്തിന്‍റെ പ്രവർത്തനം വ്യക്തമായത്. കൈപ്പഞ്ചേരി സ്വദേശി തങ്ങളത്ത് അഷ്റഫ് (45) എന്നയാളെ നിലമ്പൂർ പൊലീസ് കവർച്ചാകേസിൽ അറസ്റ്റ്ചെയ്തതാണ് ഞെട്ടിക്കുന്ന കഥകൾ പുറത്തുവരാൻ വഴിയൊരുക്കിയത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.