ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാനസെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യംറദ്ദാക്കാനുള്ള പ്രോസിക്യൂഷൻ അപേക്ഷ കോടതി തള്ളി. ആർഎസ്എസ് - ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ പി പി ഹാരിസാണ് കോടതിയിൽ ഹർജി നൽകിയത്.
ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി റോയി വർഗീസ് ഈ വാദം അംഗീകരിക്കാതെ അപേക്ഷ തള്ളുകയായിരുന്നു.
ജാമ്യം റദ്ദാക്കൽ അപേക്ഷ അഡീഷനൽ സെഷൻസ് കോടതിയിൽ അല്ല, ഹൈകോടതിയിലാണ് സമർപ്പിക്കേണ്ടതെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ കോടതി നിർദേശിച്ച വ്യവസ്ഥകൾ ഒന്നും ലംഘിച്ചിട്ടില്ലെന്ന് രണ്ട്, നാല്, ആറ്, എട്ട് പ്രതികൾക്കായി ഹാജരായ അഡ്വ. സുനിൽ മഹേശ്വരൻപിള്ള പറഞ്ഞു. ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി.പി. ഹാരിസ് വാദിച്ചു.
കുറ്റപത്രം മടക്കണമെന്ന് പ്രതികളുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. 2021 ഡിസംബർ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, ഷാൻ വധക്കേസിന്റെ പ്രതികാരമായി ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ട വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഷാൻ വധത്തിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.